local news

വേലാശ്വരത്ത് നാടകോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും; ഇന്ന് ‘ഇരുവര്‍’ നാടകം അരങ്ങിലെത്തും

വേലാശ്വരം: നാടകത്തിന്റെ വെളിച്ചത്തില്‍ ജീവിതത്തിന്റെ കഥകള്‍ തുറന്നുവെച്ച വേലാശ്വരത്തെ മൂന്ന് ദിനരാത്രങ്ങളുടെ കലാവിരുന്നിന് ഇന്ന് സമാപനം. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ. നാടകോല്‍സവം ഉദ്ഘാടനം ചെയ്തു. ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി പ്രസിഡണ്ട് കെ.വി.സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനും ,എഴുത്തുകാരനുമായ പി.വി.കെ. പനയാല്‍ മുഖ്യാതിഥിയായി. വേലാശ്വരം ജിയുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി. വിഷ്ണുനമ്പൂതിരി സംസാരിച്ചു. സെക്രട്ടറി എ. പ്രകാശന്‍ സ്വാഗതവും, ജോ: സെക്രട്ടറി എം.വി.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കായംകുളം പീപ്പിള്‍ തീയറ്റേഴ്‌സിന്റെ ചാപ്ലിന്‍ കുഞ്ഞൂട്ടന്‍ നാടകം അരങ്ങേറി. രണ്ടാം ദിനം കടയ്ക്കാവൂര്‍ എസ്.എസ്. നടനസഭയുടെ ‘ഈശ്വരന്റെ തിരക്കഥ’ പ്രേക്ഷകര്‍ക്ക് നാടകാനുഭവത്തിന്റെ വേറിട്ട തലങ്ങള്‍ സമ്മാനിച്ചു. ഇന്ന് ‘ഇരുവര്‍’ അരങ്ങിലെത്തുന്നതോടെ മൂന്ന് നാടകങ്ങള്‍, മൂന്ന് പ്രമേയങ്ങള്‍, അനവധി ജീവിതചിന്തകള്‍ എന്ന മനോഹരമായ കലാസംഗമത്തിന് തിരശ്ശീല വീഴും.
അരങ്ങില്‍ കഥാപാത്രങ്ങള്‍ പകര്‍ന്നാടുമ്പോള്‍ കാണികളിലേക്ക് പകരുന്നത് ജീവിതത്തിന്റെ പച്ചയായ അനുഭവങ്ങളാണ്. ബന്ധങ്ങളുടെ ആഴവും മനുഷ്യജീവിതത്തിലെ സങ്കീര്‍ണതകളും വികാരങ്ങളുടെ നേര്‍ത്ത നൂലിഴകളും നാടകവേദിയില്‍ കോര്‍ത്തിണക്കുന്ന ‘ഇരുവര്‍’ നാടകാസ്വാദകര്‍ക്ക് വേറിട്ടൊരു അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. കഥാപാത്രങ്ങളിലൂടെ ജീവിതത്തിന്റെ പല മുഖങ്ങളും അനാവരണം ചെയ്യുന്ന നാടകത്തിന്റെ അവതരണത്തിനായി കലാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
മൂന്ന് ദിവസങ്ങളിലായി പ്രമുഖ നാടകസമിതികളുടെ മികച്ച നാടകങ്ങള്‍ അവതരിപ്പിച്ച നാടകോത്സവം വേലാശ്വരത്തിന്റെ സാംസ്‌കാരിക മണ്ണില്‍ കലയുടെ പുതിയൊരു അധ്യായം കുറിച്ചു.

 

 

 

 

error: Content is protected !!