പെണ്മയുടെ ചിറകു വിടര്‍ത്തി ‘ചിറക്’ സംസ്ഥാന തല മത്സരത്തിലേക്ക്
പെരിയ: പാതിയാകാശത്തിനും പാതി ഭൂമിക്കും അവകാശികളായിട്ടും ചിറകു കെട്ടപ്പെട്ട കിളികളെപ്പോലെ വീട്ടകങ്ങളില്‍ ഒതുക്കപ്പെട്ട പെണ്ണവസ്ഥയ്ക്ക് വിശാലമായ അനുഭവങ്ങളുടെ ലോകം സാധ്യമാണെന്ന് വിളിച്ചു പറയുന്ന ‘ചിറക്’ ജില്ലാ കലോത്സവത്തില്‍ വെള്ളിക്കോത്ത് എം.പി.എസ്. ജി.വി.എച്ച്.എസ്.എസ്. അവതരിപ്പിച്ച അവതരിപ്പിച്ച ‘ചിറക്’ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി.
അറബ് കവയിത്രി റാബിയയുടെ കവിതയിലൂടെ, കഥ പറഞ്ഞ് സഹജീവികളുടെ അതിജീവനം സാധ്യമാക്കിയ ഷെഹറാസാദിലൂടെ, പുതിയ കാലത്തിന്റെ പെണ്കുട്ടികളിലൂടെ നാടകം മുന്നേറുന്നു. അധികാര സംരക്ഷണത്തിനപ്പുറം പൗരന്മാരുടെ ക്ഷേമത്തില്‍ നോട്ടമില്ലാത്ത അധികാരികളെയും അവര്‍ക്ക് ഒത്താശ ചെയ്യുന്ന വൈതാളികക്കൂട്ടങ്ങളെയും നാടകം നിശിതമായി ചോദ്യം ചെയ്യുന്നു. അന്നവും അപ്പവും വീഞ്ഞുമായി ഇനിയൊരു രക്ഷകനും ക വരാനില്ലെന്നും സ്വരക്ഷ സ്വന്തം ചുമതലയാണെന്നും തിരിച്ചറിയുന്ന യുവത പാട്ടും നൃത്തവും കൈവേലകളും അഭ്യസിക്കുന്നതിനൊപ്പം കായിക പരിശീലനം നേടുന്നതും ചൂഷകരെ ഒന്നിച്ച് എതിരിടുന്നതും മനോഹരമായ നൃത്തച്ചുവടുകള്‍ക്കും ആയോധനമുറകള്ക്കുമൊപ്പം രംഗത്ത് അവതരിപ്പിച്ച നാടകം വിധികര്‍ത്താക്കളടക്കം തിങ്ങിനിറഞ്ഞ ആസ്വാദക മനസ്സിനെ കീഴടക്കി. നാടകത്തില്‍ അഭിനയിച്ച ആരാധ്യയെ മികച്ച നടിയായി തിരഞ്ഞെടുത്തു. പാര്‍വതി, ആരാധ്യ, ഗൗരി പാര്‍വതി, സുമയ്യ, ഷഹന, ക്ഷീരജ, ലാവണ്യ എന്നിവര്‍ വേഷമിട്ടു. രചന: പത്മനാഭന് ബ്ലാത്തൂര്‍ സംവിധാനം: ചന്ദ്രന് കരുവാക്കോട്, അഭിനവ് സംഗീതവും ആരോമല്‍, രേവന്ത് എന്നിവര്‍ രംഗപടവും നിര്‍വഹിച്ചു.

