local news

ഹൃദയചികിത്സയില്‍ പുതുയുഗം: സംസ്ഥാനത്തെ ആദ്യ എ.ഐ അധിഷ്ഠിത ഇന്‍ട്രാവാസ്‌കുലാര്‍ അള്‍ട്രാസൗണ്ട് സംവിധാനം കാസര്‍കോട് ആസ്റ്റര്‍ മിംസില്‍

കാസര്‍കോട്: വടക്കന്‍ മലബാറിന്റെ ആരോഗ്യമേഖലയ്ക്ക് പുതു കരുത്തേകി കേരളത്തിലാദ്യമായി എ.ഐ അധിഷ്ഠിത ഇന്‍ട്രാവാസ്‌കുലാര്‍ അള്‍ട്രാസൗണ്ട് സംവിധാനം അവതരിപ്പിച്ച് കാസര്‍കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍. ജാപ്പനീസ് മെഡിക്കല്‍ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖരായ നിപ്രോയുടെ മക്കോട്ടോ എ.ഐ അധിഷ്ഠിത ഇന്‍ട്രാവാസ്‌കുലര്‍ അള്‍ട്രാസൗണ്ട്’ സംവിധാനമാണ് ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുന്നത്. ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കേരളത്തിലെ ആദ്യ ആശുപത്രി എന്ന നേട്ടവും കാസര്‍കോട് ആസ്റ്റര്‍ മിംസ് കൈവരിച്ചിരിക്കുകയാണ്. കാസര്‍കോടിലെ പൊതുജനങ്ങള്‍ക്ക് ലോകോത്തരമായ ചികിത്സാസംവിധാനങ്ങള്‍ ഒരുക്കുക എന്ന ആസ്റ്റര്‍ ഡി.എം ക്വാളിറ്റി കെയര്‍ ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്റെ ദീര്‍ഘവീക്ഷണത്തിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെയും ഭാഗമായാണ് നൂതന സാങ്കേതിവിദ്യയില്‍ അധിഷ്ഠിതമായ ഹൃദയചികിത്സ ഒരുങ്ങിയിരിക്കുന്നത്.മനുഷ്യശരീരത്തിലെ പ്രത്യേകിച്ച് ഹൃദയത്തിലെ കൊറോണറി ആര്‍ട്ടറികളുടെ ഉള്‍ഭാഗം ശബ്ദതരംഗങ്ങള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ വ്യക്തമായി കാണാന്‍ സഹായിക്കുക എന്നതാണ് ഇന്‍ട്രാവാസ്‌കുലാര്‍ അള്‍ട്രാസൗണ്ട് മെഷീനുകളുടെ ഉപയോഗം. സാധാരണ ആന്‍ജിയോഗ്രാം പരിശോധനകളെക്കാള്‍ കൃത്യമായി രക്തക്കുഴലുകളിലെ ബ്ലോക്കുകളും കാല്‍സ്യം അടിഞ്ഞുകൂടിയതും (പ്ലാക്ക്) വ്യക്തമായി മനസ്സിലാക്കാന്‍ കാര്‍ഡിയോളജിസ്റ്റുകളെ ഇത് പര്യാപ്തമാക്കുന്നു. സങ്കീര്‍ണ്ണമായ ആന്‍ജിയോപ്ലാസ്റ്റി ചികിത്സകള്‍ കൂടുതല്‍ സുരക്ഷിതവും ഫലപ്രദവുമാക്കാന്‍ കഴിയുന്നു എന്നതാണ് ഈ നൂതന സാങ്കേതികവിദ്യയുടെ പ്രധാന നേട്ടം. സാധാരണ ആന്‍ജിയോഗ്രാം പരിശോധനകളില്‍ നിന്ന് ലഭിക്കുന്ന 2D ചിത്രങ്ങളേക്കാള്‍ വ്യക്തതയോടെ രക്തധമനികളുടെ ഉള്‍വശവും, തടസ്സങ്ങളുടെ കാഠിന്യം, ധമനീഭിത്തികളില്‍ അടിഞ്ഞുകൂടിയ കൊഴുപ്പിന്റെയും കാല്‍സ്യത്തിന്റെയും അളവ് എന്നിവ തത്സമയം മനസ്സിലാക്കാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. ഇതുവഴി ഓരോ രോഗിക്കും അനുയോജ്യമായ ചികിത്സാ രീതി കൃത്യമായി നിശ്ചയിക്കാനും സങ്കീര്‍ണ്ണമായ ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി വരുന്ന രോഗികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷയും കൃത്യതയും ഉറപ്പാക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. കാല്‍സ്യം പാളികള്‍ക്ക് അടിയില്‍ മറഞ്ഞിരിക്കുന്ന ലിപിഡ് നിക്ഷേപങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നു എന്നതും ഇതിന്റെ സവിശേഷതയാണ്. എ.ഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതോടെ ഓട്ടോമേറ്റഡ് അളവുകള്‍, പ്ലാക്കുകളുടെ വിലയിരുത്തല്‍, ഒപ്റ്റിമല്‍ സ്റ്റെന്റ് ലാന്‍ഡിംഗ് സോണുകളുടെ തിരിച്ചറിയല്‍ എന്നിവ കൂടുതല്‍ കൃത്യമാകുന്നു.

ഇന്‍ട്രാവാസ്‌കുലര്‍ അള്‍ട്രാസൗണ്ടും നിയര്‍-ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോസ്‌കോപ്പിയും (എന്‍.ഐ.ആര്‍.എസ്) സംയോജിപ്പിച്ചുള്ള സാങ്കേതികവിദ്യയാണ് ഇതിന്റെ പ്രത്യേകത. 35 മുതല്‍ 65 മെഗാഹെര്‍ട്‌സ് വരെയുള്ള ഉയര്‍ന്ന ഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന അള്‍ട്രാസൗണ്ട് തരംഗങ്ങള്‍ 20 മൈക്രോമീറ്റര്‍ വരെ സൂക്ഷ്മതയുള്ള വ്യക്തമായ ദൃശ്യങ്ങള്‍ നല്‍കുന്നു. ധമനികളില്‍ അടിഞ്ഞുകൂടിയ കൊഴുപ്പിന്റെ അളവ് നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ സ്വയം വിശകലനം ചെയ്യാനും, സ്റ്റെന്റിന്റെ കൃത്യമായ അളവും സ്ഥാപിക്കേണ്ട സ്ഥാനവും മുന്‍കൂട്ടി നിര്‍ണ്ണയിക്കാനും ഈ യന്ത്രത്തിന് സാധിക്കും. കൂടാതെ ഭാവിയില്‍ വീണ്ടും ബ്ലോക്കുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും ഇത് ഏറെ സഹായകമാണ് എന്ന് കാസറഗോഡ് ആസ്റ്റര്‍ മിംസിലെ കാര്‍ഡിയോളജി വിഭാഗം തലവനും സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റുമായ ഡോ. രാമകൃഷ്ണ സി.ഡി പത്രസമ്മേളനത്തില്‍ പറഞ്ഞു.

കാസര്‍കോട് ജില്ലയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് സമഗ്ര ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ ആസ്റ്റര്‍ മിംസ് നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും നൂതന ചികിത്സാ സൗകര്യങ്ങളും സംയോജിപ്പിച്ച് മേഖലയിലെ ആരോഗ്യ സുരക്ഷാ രംഗത്ത് പുതിയ മാതൃകകള്‍ സൃഷ്ടിക്കാന്‍ ആശുപത്രിക്ക് സാധിച്ചിട്ടുണ്ട് എന്ന് കാസറഗോഡ് ആസ്റ്റര്‍ മിംസ് സി.ഒ.ഒ സുധീര്‍ ബാസുരി അഭിപ്രായപ്പെട്ടു. നൂതന വൈദ്യശാസ്ത്ര സാങ്കേതികവിദ്യകളും മികച്ച ആരോഗ്യപരിപാലനവും സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുക എന്നതാണ് ആശുപത്രിയുടെ ലക്ഷ്യമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. സാജിദ് സലാവുദ്ധീന്‍, കാര്‍ഡിയോളജിസ്റ്റുമാരായ ഡോ. അബ്ദുള്‍ നവാഫ്, ഡോ. കിഷന്‍ രാജ് .കെ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

error: Content is protected !!