മാലിന്യക്കുഴിയില്‍ വീണ് പോത്ത് ചത്തു; ബേക്കല്‍ ജങ്ഷനില്‍ ദുര്‍ഗന്ധം രൂക്ഷം
ബേക്കല്‍: ബേക്കല്‍ ജങ്ഷനില്‍ കെട്ടിട നിര്‍മാണ മാലിന്യം അടക്കം നിക്ഷേപിച്ച കുഴിയില്‍ വീണ് പോത്തിന്‍കുട്ടിക്ക് ദാരുണാന്ത്യം. കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പിറകുവശത്താണ് സംഭവം. തെങ്ങിന്‍ തടികളും കെട്ടിട നിര്‍മാണ സ്ഥലത്ത് നിന്നുള്ള മാലിന്യങ്ങളും ചില വ്യക്തിയുടെ അനുവാദത്തോടെ പകല്‍ സമയത്ത് പോലും ടിപ്പറുകളിലും പിക്കപ്പുകളിലുമായി ടൂറിസം കേന്ദ്രമായ ബേക്കല്‍ ടൗണിന്റെ നെഞ്ചത്ത് കൊണ്ടുവന്ന് തള്ളുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.ഈ മാലിന്യക്കുഴിയില്‍ വീണാണ് പോത്ത് ചത്തത്. ഒരു പ്രദേശം മുഴുവന്‍ കടുത്ത ദുര്‍ഗന്ധത്തില്‍ ദുരിതമനുഭവിക്കുമ്പോഴും പോത്തിന്റെ ഉടമസ്ഥനായ ഇബ്രാഹിം പോത്തിന്റെ ജഡം കുഴിച്ചുമൂടാന്‍ തയ്യാറാകുന്നില്ലെന്ന് പരാതിയുണ്ട്.
ബസ് യാത്രക്കാര്‍ അടക്കം നിരവധി പൊതുജനങ്ങള്‍ എത്തിച്ചേരുന്ന ബേക്കല്‍ ജങ്ഷനില്‍ കടുത്ത ചീഞ്ഞ നാറ്റം വ്യാപിച്ചതോടെ കാടുപിടിച്ച് കിടക്കുന്ന കുഴിയിലിറങ്ങി സാമൂഹിക പ്രവര്‍ത്തകനായ കരീം പള്ളത്തില്‍ ഉടമസ്ഥനെ അറിയിച്ചെങ്കിലും കുഴിച്ചുമൂടാന്‍ തയ്യാറായില്ലെന്ന് പറയുന്നു. പഞ്ചായത്ത് അധികാരികളെയും ആരോഗ്യ പ്രവര്‍ത്തകരെയും പരാതി അറിയിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുണ്ട്.
ഹരിതസേന എന്ന പേരില്‍ വീടുകളിലും സ്ഥാപനങ്ങളിലും കയറി പണം വാങ്ങി മാലിന്യം ശേഖരിച്ചിട്ട് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പൊതുസ്ഥലങ്ങളില്‍ മാലിന്യക്കൂമ്പാരമാക്കിയിട്ട് എന്ത് പ്രയോജനമെന്നും നാട്ടുകാര്‍ ചോദിക്കുന്നു.

