State

കാസര്‍ഗോഡ് ജില്ല സീനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍: വിസ്മയമായി ‘അന്‍പതുകാരുടെ’ നിലേശ്വരം സ്‌കൈലാര്‍ക്ക്; ടീമിന് മൂന്നാം സ്ഥാനം

 

നിലേശ്വരം: കാസര്‍കോട് ജില്ല സീനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് അവസാനിച്ചപ്പോള്‍ കളിക്കാരിലും കാണികളിലും ഒരുപോലെ ആശ്ചര്യവും ചോദ്യചിഹ്നവും ഉയര്‍ത്തി നിലേശ്വരം സ്‌കൈലാര്‍ക്ക് ബാസ്‌കറ്റ് ബോള്‍ ടീമിന്റെ മിന്നുന്ന പ്രകടനം. യുവത്വത്തിന്റെ ആവേശത്തോടും വേഗതയോടും പോരാടി, തങ്ങളുടെ വര്‍ഷങ്ങളുടെ പരിചയസമ്പത്തും കൃത്യമായ ഗെയിം പ്ലാനും മുന്‍നിര്‍ത്തി കളിച്ച സ്‌കൈലാര്‍ക്ക് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

മത്സരിച്ച നാല് കളികളില്‍ മൂന്നിലും ഉജ്ജ്വല വിജയം നേടിയാണ് ടീം മുന്നേറിയത്. വയസ് വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ച സ്‌കൈലാര്‍ക്കിലെ കളിക്കാരെല്ലാം 50 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. എന്നാല്‍, 18-ന്റെ ആവേശത്തോടെയും കരുത്തോടേയും കളിക്കളത്തില്‍ നിറഞ്ഞാടിയ ഇവര്‍ എതിരാളികളായ ചെറുപ്പക്കാര്‍ക്ക് കൃത്യമായ വെല്ലുവിളി ഉയര്‍ത്തി. കഠിനപ്രയത്‌നത്തിന്റെയും നിരന്തരമായ പരിശീലനത്തിന്റെയും ഫലമാണ് ഈ മികച്ച വിജയമെന്ന് വ്യക്തമാക്കുന്നതായിരുന്നു ടീമിന്റെ പ്രകടനം.
ദിവസേന രാവിലെ നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടില്‍ നടക്കുന്ന പരിശീലനമാണ് തങ്ങളുടെ കരുത്തെന്ന് ടീം നായകന്‍ വിനോദ് കുമാര്‍ അരമന പറഞ്ഞു. ഈ പതിവ് പരിശീലനം ശാരീരികമായ ഉന്മേഷം മാത്രമല്ല, മികച്ച മാനസിക ഉന്മേഷവും തങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാമ്പ്യന്‍ഷിപ്പില്‍ കാണികളുടെയും മറ്റ് കായിക താരങ്ങളുടെയും പ്രത്യേക പ്രശംസയും ഹൃദയപൂര്‍വ്വമായ കയ്യടിയും ഏറ്റുവാങ്ങിയാണ് സ്‌കൈലാര്‍ക്ക് ടീം മടങ്ങിയത്.

 

error: Content is protected !!