ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം: ബിഎംഎസ്
കാസര്‍കോട്: തൊഴിലാളികളുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന ക്ഷേമനിധി ബോര്‍ഡുകളുടെ പിടിപ്പുകേട് മൂലം അംഗങ്ങള്‍ അംഗത്വം പുതുക്കാതെ പിരിഞ്ഞുപോകുകയാണെന്ന് ബിഎംഎസ് ജില്ലാ സമ്മേളനം കുറ്റപ്പെടുത്തി. പുതിയ അംഗങ്ങള്‍ ഈ മേഖലയിലേക്ക് വരാന്‍ താത്പര്യം കാണിക്കുന്നില്ല.എല്ലാ ക്ഷേമനിധി പദ്ധതികളിലെയും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണം, പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണം, പെന്ഷന് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ യഥാസമയം വിതരണം ചെയ്യണം. മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും എല്ലാ ബോര്‍ഡിലും ബിഎംഎസ് പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഗ്രാമീണ മേഖലയിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശ്രയമായ തൊഴിലുറപ്പ് പദ്ധതി കേന്ദ്രം വിപുലീകരിച്ച് തൊഴില്‍ ദിനങ്ങളും കൂലിയും വര്‍ധിപ്പിച്ചിട്ടും കേരളത്തിലെ തൊഴിലാളികള്‍ കടുത്ത പ്രതിസന്ധി നേരിടുകയാണ്. കൂലി കുടിശ്ശികയില്ലാതെ ജോലി കഴിഞ്ഞ ഉടന്‍ ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കണം.അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്കും ജോലി ദിനങ്ങളും കൂലിയും വര്‍ധിപ്പിക്കണം.കേന്ദ്രം പ്രഖ്യാപിച്ച 125 തൊഴില്‍ദിനവും വര്‍ധിപ്പിച്ച കൂലിയും ഉറപ്പാക്കണം.മോട്ടോര്‍ മേഖലയില്‍ പണിയെടുക്കുന്ന പരിനായിരത്തോളം തൊഴിലാളികള്‍ കടുത്ത അവഗണനയാണ് ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. മോട്ടോറിക്ഷ മേഖലയില്‍ സ്പെയര്‍ പാര്‍ട്സുകളുടെ വിലവര്‍ധന, ഇന്ധന വിലവര്‍ധന, വര്‍ക്ക്ഷോപ്പുകളിലെ കൂലി വര്‍ധന, ആര്‍ടിഒ ഓഫീസുകളിലെ സേവന നിരക്കുകളിലെ വര്‍ധനവ്, നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന ഇതെല്ലാം കൊണ്ട് പൊറുതിമുട്ടിയ മോട്ടോര്‍ തൊഴിലാളികള്‍ക്ക് ചാര്‍ജ് വര്‍ധന നാല് വര്‍ഷമായി ചാര്‍ജ് വര്‍ധനവ് വരുത്താന്‍ തയ്യാറാകുന്നില്ല. അടിയന്തിരമായി മോട്ടോര്‍ ചാര്‍ജ് വര്‍ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സ്വകാര്യ ബസ് മേഖലയില്ജോലി നഷ്ടപെടുന്ന തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ച് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അങ്കണ്‍വാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി പ്രഖ്യാപിക്കണം. പത്ത് വര്‍ഷമായി വര്‍ദ്ധിപ്പിക്കാത്ത ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കണം. റിട്ടയര്‍മെന്റ് ഗ്രാറ്റുവിറ്റി എല്ലാ സംസ്ഥാനങ്ങളിലും ഏകീകരിക്കണം.ആശാ വര്‍ക്കര്‍മാരെ സ്ഥിരപ്പെടുത്തി മാന്യമായ സ്ഥിരശമ്പളം നല്‍കണം. കേന്ദ്രം പ്രഖ്യാപിച്ച 5 ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് കുടുംബാംഗങ്ങള്‍ക്കും ലഭ്യമാക്കണം, പെന്ഷന് ഫാമിലി പെന്‍ഷനാക്കണം.പള്‍സ് പൊളിയോ ഡ്യൂട്ടിക്ക് തുടക്കം മുതല്‍ നല്കുന്ന 75 രൂപ 700 രൂപയായി ഉയര്‍ത്തണം, വാക്സിന് സര്‍വ്വേയുടെ കുടിശ്ശിക തീര്‍ക്കണം, മറ്റ് ഇന്‍സെന്റീവുകള്‍ വര്‍ദ്ധിപ്പിച്ച് നേരിട്ട് അക്കൗണ്ടിലേക്ക് നല്‍കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.1984ല്‍ രൂപീകരിച്ച കാസര്‍കോട് ജില്ല ഇന്നും വികസനത്തില്‍ ഏറെ പിന്നിലാണെന്നും 2012ല്‍ പ്രഖ്യാപിച്ച 12000 കോടിയുടെ പാക്കേജ് ഇതുവരെ നടപ്പായില്ല.വിദ്യാഭ്യാസ, ആരോഗ്യ, യാത്രാ മേഖലകളില്‍ ജില്ല കടുത്ത അവഗണന നേരിടുന്നു. എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലോ ആവശ്യത്തിന് അധ്യാപകരോ ഇല്ല, ജനറല്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും മരുന്നിന്റെയും കുറവ്, മലയോരത്ത് കെഎസ്ആര്‍ടിസി ബസ് കുറവ്, പ്രധാന ട്രെയിനുകള്‍ക്ക് സ്റ്റോപ്പില്ലായ്മ, ടൂറിസം സാധ്യതകള്‍ ഉപയോഗിക്കാത്ത അവസ്ഥ എന്നിവ സമ്മേളനം ചൂണ്ടിക്കാട്ടി.

