നീലേശ്വരം രാജാസിന് അഭിമാന നിമിഷം: മഹാത്മാജിയുടെ കയ്യൊപ്പിന് നൂറാം വാര്‍ഷികം; ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീരമായ തുടക്കം

നീലേശ്വരം: ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന ഏടിന് നൂറ്റാണ്ട് തികയുന്നതിന്റെ നിറവില്‍ നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി വിദ്യാലയം. 1927 ഒക്ടോബര്‍ 26-ന് മംഗലാപുരത്തേക്കുള്ള യാത്രാമധ്യേ നീലേശ്വരം റെയില്‍വേ സ്റ്റേഷനിലിറങ്ങിയ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, തന്നെ കാണാനെത്തിയ രാജാസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്വന്തം കൈപ്പടയില്‍ കുറിച്ചുനല്‍കിയ സന്ദേശത്തിനാണ് ഇപ്പോള്‍ 100 വര്‍ഷം തികയുന്നത്.
രാജാസിന്റെ മക്കള്‍ ഇന്നുവരെ ഒരു നിധിപോലെ കാത്തുസൂക്ഷിക്കുന്ന ഈ ചരിത്ര കയ്യൊപ്പിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ അരയാല്ത്തറയിലുള്ള ഗാന്ധി സ്മൃതിമണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്.
തുടര്‍ന്ന് നടന്ന ഔപചാരിക ഉദ്ഘാടന കര്‍മ്മവും അനുസ്മരണ പ്രഭാഷണവും കാസര്‍കോട് ജില്ലയിലെ പ്രമുഖ ഗാന്ധിയന്‍ അഡ്വ. ടി.കെ. സുധാകരന് നിര്‍വഹിച്ചു. നീലേശ്വരം രാജാസ് എച്ച്.എസ്.എസ്. പി.ടി.എ. പ്രസിഡന്റ് വിനോദ് കുമാര്‍ പൈനി അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ മുഹമ്മദ് റാഫി മുഖ്യാതിഥിയായിരുന്നു.മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പ്രൊഫ. കെ.പി. ജയരാജന്, മുന്‍ നീലേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ഏറുവാട്ട് മോഹനന്, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പി.എം. സന്ധ്യ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ. സതീശന്, വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ.പി. ശ്രീനിവാസന്, കെ. രാജം, നീലേശ്വരം പ്രസ് ക്ലബ്ബ് പ്രസിഡന്റ് സേതു ബങ്കളം, ‘രാജാങ്കണം’ സെക്രട്ടറി തങ്കമണി കെ., മദര്‍ പി.ടി.എ. പ്രസിഡന്റ് കെ. സരിത, പി.ടി.എ. വൈസ് പ്രസിഡന്റ് വിശ്വനാഥന് കെ.പി. എന്നിവര്‍ സംസാരിച്ചു.സ്കൂള്‍ പ്രിന്‍സിപ്പല്‍ രത്നമണി കെ. സ്വാഗതവും ഹെഡ്മിസ്ട്രസ് കലാ ശ്രീധര്‍ നന്ദിയും പറഞ്ഞു.

