റാണിപുരം മാനിപ്പുറത്തെ റിഫ്രഷ്‌മെന്റ് സ്റ്റാള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

റാണിപുരം : സഞ്ചാരികള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്ന റാണിപുരം മാനിപുറത്തെ റിഫ്രഷ്‌മെന്റ് സ്റ്റാന്‍ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വനസംരക്ഷണസമിതി പ്രസിഡന്റിന് നല്‍കി. മാനിപ്പുറത്തെത്തുന്ന സഞ്ചാരികളുടെ നിരന്തര ആവശ്യപ്രകാരം റാണിപുരം സന്ദര്‍ശിച്ച ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നിര്‍ദ്ദേശപ്രകാരം 2019 ലാണ് റാണിപുരം വന സംരക്ഷണ സമിതിയുടെ കീഴില്‍ മാനി മുകളില്‍ സ്റ്റാള്‍ തുടങ്ങിയത്. കൂടാതെ മരുതോം വന സംരക്ഷണ സമിതിയുടെ കീഴിലും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ മറ്റൊരു സ്റ്റാളും തുടങ്ങിയിരുന്നു. ഇത് രണ്ടും അടച്ച് പൂട്ടാനാണ് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇവിടെ നിന്നും ലഘുപാനീയങ്ങളും, മറ്റു ചെറു ഭക്ഷണ സാധനങ്ങളും ലഭിക്കുന്നത് കുത്തനെയുള്ള കയറ്റം കയറി ക്ഷീണിച്ചെത്തുന്ന സഞ്ചാരികള്‍ക്ക് വലിയൊരു ആശ്വാസമായിരുന്നു. നിലവിലുള്ള റിഫ്രഷ്‌മെന്റ് സ്റ്റാളിന്റെ കാലാവധി അഞ്ചുവര്‍ഷം പൂര്‍ത്തിയായെന്നും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പുതിയ മാനദണ്ഡങ്ങളോടു കൂടി സ്റ്റാള്‍ തുടങ്ങാനാണ് ആലോചിക്കുന്നതെന്നും അതുകൊണ്ടാണ് സ്റ്റാളിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്നുമാണ് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ രാഹുല്‍ പറയുന്നത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് റിഫ്രഷ്‌മെന്റ് സ്റ്റാള്‍ പുതുക്കിപ്പണിഞ്ഞതെന്ന് സമിതി അംഗങ്ങള്‍ പറയുന്നു. പൂജ അവധി ദിവസങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ മാനിപ്പുറത്തെത്തുന്നതിനാല്‍ അതുവരെ സ്റ്റാള്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി വന സംരക്ഷണ സമിതി തേടിയിട്ടുണ്ട്.
വനം വകുപ്പ് ഇത്തരം തീരുമാനങ്ങള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിക്ഷേധങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. വരും ദിവസങ്ങളില്‍ ചില സംഘടനകള്‍ ടിക്കറ്റ് കൗണ്ടറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും എന്നാണ് അറിയാന്‍ സാധിക്കുന്നത്. റാണിപുരത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ടിക്കറ്റ് പിരിവ് നടത്തുന്നതിരെ നേരത്തെ ചില യുവജന സംഘടനകള്‍ ടിക്കറ്റ് കൗണ്ടറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
അതേസമയം റാണിപുരം വന സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്ന ആക്ഷേപം സമിതി പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായിട്ടുണ്ട്. പുതിയ സമിതി ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള പൊതുയോഗം തുടര്‍ച്ചയായി രണ്ടു തവണ രാഷ്ട്രീയ നേതൃത്വം ഇടപെട്ട് മാറ്റിയിരുന്നു. റിഫ്രഷ്‌മെന്റ് സ്റ്റാള്‍ അടച്ചിടാനുള്ള നീക്കവും ഇതിന്റെ ഒരു ഭാഗമാണെന്ന് ചില സമിതി ഭാരവാഹികള്‍ പറയുന്നു. ഇതിന് ചില വനം വകുപ്പുദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.

 

error: Content is protected !!