ജില്ലാ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരി പ്രീതയുടെ സത്യസന്ധതയ്ക്ക് സ്വര്‍ണത്തിളക്കം

കാഞ്ഞങ്ങാട്: കളഞ്ഞുകിട്ടിയ സ്വര്‍ണ പാദസരം ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായി സെക്യൂരിറ്റി ജീവനക്കാരി. ജില്ലാ ആശുപത്രിയിലെ സീനിയര്‍ നഴ്‌സും കള്ളാര്‍ സ്വദേശിനിയുമായ സൗമ്യയുടെ ഒന്നരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണ പാദസരമാണ് കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയില്‍ വെച്ച് നഷ്ടമായത്. ആശുപത്രിയിലെ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാതെ ഏറെ സങ്കടത്തോടെയാണ് സൗമ്യ അന്ന് മടങ്ങിയത്.
പിറ്റേന്ന് രാവിലെ ഡ്യൂട്ടിക്കെത്തിയ സെക്യൂരിറ്റി ജീവനക്കാരി ചെറുവത്തൂര്‍ സ്വദേശിനി കെ. പ്രീതയ്ക്കാണ് ആശുപത്രിയുടെ മുകളിലേക്ക് കയറിപ്പോകുന്ന സ്റ്റെപ്പില്‍ നിന്ന് പാദസരം കിട്ടിയത്. ഉടന്‍ തന്നെ പ്രീത ഇത് തന്റെ സീനിയര്‍ സെക്യൂരിറ്റി സൗമ്യമുഖേന നഴ്‌സിങ് സൂപ്രണ്ടിനെ അറിയിക്കുകയും തുടര്‍ന്ന് ഉടമയായ സൗമ്യയ്ക്ക് കൈമാറുകയും ചെയ്തു.
കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം സത്യസന്ധതയോടെ തിരികെ ഏല്‍പ്പിച്ച പ്രീതയ്ക്ക് സൗമ്യകള്ളാര്‍ സ്‌നേഹസമ്മാനം നല്‍കി. പ്രീതയുടെ സത്യസന്ധതയെ ആശുപത്രി ജീവനക്കാരും അഭിനന്ദിച്ചു.

 

error: Content is protected !!