ചെറുവത്തൂര്: പടന്ന ഓരിയിലെ പി.കെ. പത്മനാഭന് വെള്ളിക്കോത്തെ വീട്ടില് പൊള്ളലേറ്റ് മരിച്ച സംഭവത്തില് അന്വേഷണം ഊര്ജിതമാക്കണമെന്നും ഉത്തരവാദികളെ പുറത്തുകൊണ്ടുവരണമെന്നും ആക്ഷന് കമ്മിറ്റി വാര്ത്താസമ്മേളനത്തില് ആവശ്യപ്പെട്ടു. അന്വേഷണം തൃപ്തികരമല്ലെങ്കില് പോലീസ് സ്റ്റേഷന് മാര്ച്ച് ഉള്പ്പെടെയുള്ള സമരപരിപാടികളിലേക്ക് നീങ്ങുമെന്നും ഭാരവാഹികള് പറഞ്ഞു.
ഒക്ടോബര് 9ന് രാവിലെയാണ് പത്മനാഭന് വീട്ടില് വെച്ച് പൊള്ളലേറ്റത്. 11ന് മംഗളൂരുവിലെ എ.ജെ. ആശുപത്രിയില് വെച്ച് മരിച്ചു. പൊള്ളലേല്ക്കുന്നതിന് തൊട്ടുമുമ്പ് ഓരിയിലെ കുടുംബവീട്ടിലെ ബന്ധുക്കളോട് ഫോണില് സംസാരിച്ചിരുന്നതിനാല് മരണത്തില് ദുരൂഹതയുണ്ടെന്നാണ് ആക്ഷന് കമ്മിറ്റിയുടെ ആരോപണം.
ഗുരുതരാവസ്ഥയില് ആശുപത്രിയില് കഴിയുമ്പോഴും മൃതദേഹം ഓരിയിലെ വീട്ടിലെത്തിച്ചപ്പോഴും ഭാര്യ മാധവിയോ മക്കളോ തിരിഞ്ഞുനോക്കിയില്ലെന്നും ഇത് സംശയാസ്പദമാണെന്നും കമ്മിറ്റി പറയുന്നു. ഭാര്യയും മക്കളും ഭക്ഷണം പോലും നല്കാതെ മാസങ്ങളായി മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പത്മനാഭന് ബന്ധുക്കളോട് പറഞ്ഞിരുന്നതായും 22 വര്ഷം ഗള്ഫില് അധ്വാനിച്ച് സ്വന്തമായി വീടും സ്ഥലവും ഉണ്ടാക്കിയ ആള് ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാനാകില്ലെന്നും ഭാരവാഹികള് പറഞ്ഞു.
ഭാര്യയെയും മക്കളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല് സത്യം പുറത്തുവരുമെന്നും അന്വേഷണം ഊര്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കുമെന്നും അവര് അറിയിച്ചു.
വാര്ത്താസമ്മേളനത്തില് ആക്ഷന് കമ്മിറ്റി ചെയര്മാന് സി.വി. രാജന്, കണ്വീനര് മാമുനി രവി, വൈസ് ചെയര്മാന് പി.പി. പ്രസാദ്, ഒ.കെ. രാജീവന്, എ.വി. രാജേഷ്, സി. ഷിനു, വി.വി. ഷെറിന് എന്നിവര് പങ്കെടുത്തു.
