ചേറ്റുകുണ്ട് മഹാമായ ക്ഷേത്രത്തിന് ഇ-കാണിക്ക ഭണ്ഡാരം നല്‍കി

മടിയന്‍: ഭക്തര്‍ക്ക് കാണിക്ക സമര്‍പ്പണം കൂടുതല്‍ എളുപ്പവും സൗകര്യപ്രദവുമാക്കുന്നതിനായി കേരള ഗ്രാമീണ ബാങ്ക് മടിയന്‍ ശാഖ
ചേറ്റുകുണ്ട് മഹാമായ ക്ഷേത്രത്തിന് ക്യുആര്‍ കോഡ് സംവിധാനമുള്ള ഇ-കാണിക്ക ഭണ്ഡാരം നല്‍കി.
കേരള ഗ്രാമീണ ബാങ്ക് മടിയന്‍ ശാഖാ മാനേജര്‍ നീതു സി.കെ. ഇ-കാണിക്ക ഭണ്ഡാരം ക്ഷേത്രഭാരവാഹി രാമചന്ദ്ര കീക്കാനത്തിന് കൈമാറി. ചടങ്ങില്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ എം വി .അഞ്ജു, ക്ഷേത്രപൂജാരി, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആധുനിക സാങ്കേതികവിദ്യയെ ക്ഷേത്രാചാരങ്ങളുമായി സമന്വയിപ്പിക്കുന്ന ഇ-കാണിക്ക സംവിധാനം ഭക്തര്‍ക്ക് ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ കാണിക്ക സമര്‍പ്പിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. പണമില്ലാതെ തന്നെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ പേയ്മെന്റ് വഴി കാണിക്ക സമര്‍പ്പിക്കാമെന്നത് ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്.
ക്ഷേത്രങ്ങളിലെ കാണിക്ക സമര്‍പ്പണം കൂടുതല്‍ ലളിതവും സുതാര്യവും കാലാനുസൃതവുമാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഗ്രാമീണ ബാങ്ക് വിവിധ ക്ഷേത്രങ്ങള്‍ക്ക് ഇ-കാണിക്ക ഭണ്ഡാരങ്ങള്‍ നല്‍കിവരുന്നുണ്ട്. പാരമ്പര്യവും ആധുനികതയും ഒരുമിക്കുന്ന ഇത്തരം സംരംഭങ്ങള്‍ ക്ഷേത്രങ്ങളിലെ സാമ്പത്തിക ഇടപാടുകള്‍ക്ക് ഡിജിറ്റല്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും സഹായകമാകുന്നു

 

error: Content is protected !!