കാഞ്ഞങ്ങാട്: വെള്ളിക്കുന്നത്ത് ഭഗവതിക്കാവില് ഒക്ടോബര് 21 വരെ നവരാത്രി മഹോത്സവം വിവിധ താന്ത്രിക കര്മ്മങ്ങളോടും കലാപരിപാടികളോടും അന്നദാനത്തോടും കൂടി നടന്നു വരികയാണ്.
മഹോത്സവത്തിന്റെ അഞ്ചാം ദിനമായ ഇന്നലെ ക്ഷേത്ര ദര്ശനത്തിനെത്തിയ പ്രമുഖ ചലച്ചിത്രതാരം ഉണ്ണിരാജ് ചെറുവത്തൂരിന് ഭക്തജനങ്ങളില് നിന്ന് വലിയ സ്വീകരണം ലഭിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ പൂജാ സമയത്ത് ക്ഷേത്രത്തിലെത്തിയ താരത്തെ ക്ഷേത്ര ഭാരവാഹികള് ചേര്ന്ന് സ്വീകരിച്ചു.
ദേവി ദര്ശനത്തിന് ശേഷം പ്രസാദം വാങ്ങിയ താരം ക്ഷേത്രത്തിലെ ഊട്ടുപുരയും ഭക്ഷണശാലയും സന്ദര്ശിച്ചു. തുടര്ന്ന് ക്ഷേത്രത്തിലെ സ്വരമണ്ഡപത്തില് വെച്ച് ക്ഷേത്ര പ്രസിഡന്റ് പി. ബാലകൃഷ്ണന് ഉണ്ണിരാജിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ക്ഷേത്രവും ക്ഷേത്രോത്സവങ്ങളും എന്നും തനിക്ക് ഇഷ്ടമുള്ള കാഴ്ചകളാണെന്ന് ഉണ്ണിരാജ് പറഞ്ഞു.
ക്ഷേത്ര മാതൃസമിതി പ്രസിഡന്റ് പി. യശോദാമ്മ, കെ.ടി. ചന്ദ്രന്, ബി. നാരായണന്, ടി.പി. കുഞ്ഞികൃഷ്ണന്, സോമനാഥന് നായര്, എന്.വി. മനോഹരന് തുടങ്ങിയ ക്ഷേത്ര ഭാരവാഹികളും മാതൃസമിതി അംഗങ്ങളും ഭക്തജനങ്ങളും ചടങ്ങില് സംബന്ധിച്ചു.
നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ വെള്ളിക്കോത്ത് പത്മനാഭന്റെ സംഗീത കച്ചേരിയും തുടര്ന്ന് കാഞ്ഞങ്ങാട് ശ്രുതിലയ മ്യൂസിക് അവതരിപ്പിച്ച ഭക്തിഗാനമേളയും വൈകിട്ട് വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ സംഗീത കച്ചേരിയും നടന്നു. ഇന്ന് രാവിലെ കൊഴക്കുണ്ട് ശ്രീരാഗം ഓര്ക്കസ്ട്രയുടെ ഭക്തിഗാനസുധയും തുടര്ന്ന് വെള്ളിക്കുന്നത്ത് ഭഗവതിക്കാവ് ഭജന സമിതിയുടെ ഭജനയും നടക്കും.
