നവരാത്രി നിറവില്‍ ഹോസ്ദുര്‍ഗ് മാരിയമ്മ ദേവീ സന്നിധി; അന്നപ്രസാദത്തിന് എത്തുന്നത് പതിനായിരങ്ങള്‍

കാഞ്ഞങ്ങാട്: നവരാത്രി ഉത്സവത്തിന്റെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ഉത്തര കേരളത്തിലെ പ്രധാന ദേവീക്ഷേത്രങ്ങളിലൊന്നായ ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രം. 11 ദിവസങ്ങളിലായി നടക്കുന്ന നവരാത്രി ഉത്സവം കാണാന്‍ ദിവസവും പതിനായിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്.നവരാത്രി പ്രത്യേക പൂജകളും കലാ-സാംസ്‌കാരിക പരിപാടികളും ക്ഷേത്രത്തെ ഉത്സവലഹരിയിലാക്കിയിരിക്കുകയാണ്.ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണം സേവാസമിതിയുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും ഉച്ചപൂജയ്ക്ക് ശേഷം നടക്കുന്ന അന്നദാനമാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വ്യാപാരികള്‍, വീട്ടമ്മമാര്‍, തൊഴിലാളികള്‍ ഉള്‍പ്പെടെ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് പേരാണ് ദിവസവും അന്നപ്രസാദം സ്വീകരിക്കാന്‍ എത്തുന്നത്. വിജയദശമി വരെ അന്നദാനം തുടരും.
10 കിലോ അരിയില്‍ തുടങ്ങിയ അന്നപ്രസാദ വിതരണം ഇന്ന് ദിവസവും രണ്ടും മൂന്നും ക്വിന്റല്‍ അരിയിലേക്കാണ് എത്തിയിരിക്കുന്നത്. പി. രാമചന്ദ്രന്‍ പെരുതടി, വി. ശിവരാമ പട്ടേര്‍, വി.ആര്‍. വിനോദ്, കെ.എം. കൃഷ്ണന്‍ എന്നിവരാണ് പാചകത്തിന് നേതൃത്വം നല്‍കുന്നത്.
സേവാസമിതി പ്രസിഡന്റ് കെ. രാജേഷ് പ്രസാദ്, ജനറല്‍ സെക്രട്ടറി എച്ച്. രാജേഷ്, ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ എച്ച്.പി. പ്രശാന്ത് കുമാര്‍, കണ്‍വീനര്‍ എച്ച്. വിവേകാനന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറിലധികം സേവാസമിതി അംഗങ്ങളാണ് അന്നദാനത്തിന് മേല്‍നോട്ടം വഹിക്കുന്നത്. രണ്ട് ഭാഗങ്ങളിലായി എട്ട് കൗണ്ടറുകളിലായി ഒരേസമയം രണ്ടായിരത്തോളം പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ക്രമീകരണം.
ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും കൈക്കുഞ്ഞുമായി എത്തുന്നവര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നു. പായസം ഉള്‍പ്പെടെയുള്ള വിഭവങ്ങളോടെ എത്തുന്ന മുഴുവന്‍ പേര്‍ക്കും പ്രയാസമില്ലാതെ ഭക്ഷണം നല്‍കാന്‍ സേവാസമിതി അംഗങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നു. പതിനായിരങ്ങള്‍ കഴിച്ച പാത്രങ്ങള്‍ കഴുകി വൃത്തിയാക്കുന്നത് വരെ സമാനതകളില്ലാത്ത മാതൃകാ പ്രവര്‍ത്തനമാണ് ക്ഷേത്ര ഭരണസമിതിയും സേവാസമിതിയും ചേര്‍ന്ന് നടത്തുന്നത്.

 

error: Content is protected !!