കാസര്കോട്: പൂജാ അവധി ദിവസങ്ങളായ ഒക്ടോബര് 20, 21 തീയതികളില് പ്രത്യേക വോട്ടര് പട്ടികയുമായി ബന്ധപ്പെട്ട ക്യാമ്പയിന് പ്രവര്ത്തനങ്ങള് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കെ. ശ്രീകാന്ത് ബന്ധപ്പെട്ട അധികാരികള്ക്ക് നിവേദനം നല്കി.
പ്രത്യേക വോട്ടര് പട്ടികയില് അര്ഹരായവരുടെ പേര് ചേര്ക്കുന്നതിനും ആവശ്യമായ തിരുത്തലുകള് വരുത്തുന്നതിനുമായി ഒക്ടോബര് 15 മുതല് 31 വരെ പ്രത്യേക എന്റോള്മെന്റ് ക്യാമ്പയിന് നടത്തുന്നതിനുള്ള നടപടികള് സ്വീകരിച്ചുവരികയാണ്. ഈ പ്രവര്ത്തനങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥരും ബൂത്ത് തല പ്രവര്ത്തകരും പൊതുജനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കേണ്ടതുണ്ട്.
എന്നാല് പൂജാ അവധി ദിവസങ്ങളില് ജനങ്ങള് മതപരമായ ചടങ്ങുകളിലും കുടുംബപരമായ പരിപാടികളിലും പങ്കെടുക്കുന്നതിനാല് ഈ ദിവസങ്ങളില് ക്യാമ്പയിന് നടത്തുന്നത് പൊതുജനങ്ങള്ക്കും പ്രവര്ത്തകര്ക്കും അസൗകര്യം സൃഷ്ടിക്കാന് സാധ്യതയുണ്ട്. അതിനാല് ഒക്ടോബര് 20, 21 തീയതികള് പ്രത്യേക ക്യാമ്പയിന് പ്രവര്ത്തനങ്ങളില് നിന്ന് ഒഴിവാക്കുകയും പകരം മറ്റ് ദിവസങ്ങളില് ആവശ്യമായ പ്രവര്ത്തനങ്ങള് നടത്തുന്നതിനുള്ള ക്രമീകരണങ്ങള് ഏര്പ്പെടുത്തുകയും വേണം.
പ്രത്യേക വോട്ടര് പട്ടികയില് അര്ഹരായ എല്ലാവരുടെയും പേര് ഉള്പ്പെടുത്തുക എന്നതാണ് ഈ പ്രവര്ത്തനത്തിന്റെ പ്രധാന ലക്ഷ്യം. അതിനാല് അവധി ദിവസങ്ങളിലെ അസൗകര്യങ്ങള് ഒഴിവാക്കി, അര്ഹരായ ഒരു വോട്ടര്ക്കുപോലും പട്ടികയില് പേര് ചേര്ക്കാനുള്ള അവസരം നഷ്ടപ്പെടാത്തവിധം ക്യാമ്പയിന് ക്രമീകരിക്കണം.
പൂജാ അവധി ദിവസങ്ങള് പരിഗണിച്ച് ആവശ്യമായ നിര്ദേശങ്ങള് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്ക് നല്കണമെന്നും പൊതുജനങ്ങളുടെ സൗകര്യവും വോട്ടര് പട്ടികയുടെ കൃത്യതയും ഉറപ്പാക്കുന്ന രീതിയില് തുടര്നടപടികള് സ്വീകരിക്കണമെന്നും നിവേദനത്തില് ആവശ്യപ്പെട്ടു.
