കാഞ്ഞങ്ങാട്: കുണ്ടംകുഴി ആസ്ഥാനമായ ജിബിജി നിധി തട്ടിപ്പില്‍ നഷ്ടപ്പെട്ട 12.62 കോടി രൂപ തിരികെ ലഭിക്കാന്‍ നടപടി വേണമെന്ന് നിക്ഷേപകരുടെ ആക്ഷന്‍ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പോലീസ് കണ്ടുകെട്ടിയതും നിക്ഷേപകര്‍ ചൂണ്ടിക്കാണിച്ചതുമായ 12.62 കോടി രൂപ അര്‍ഹരായ നിക്ഷേപകര്‍ക്ക് നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി തിരികെ നല്‍കണം. കഴിഞ്ഞ മൂന്നര വര്‍ഷമായി നിക്ഷേപകര്‍ അധികാരികളെ സമീപിച്ചുവരികയാണ്. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിരവധി തവണ കാസര്‍കോട് ജില്ലാ കളക്ടറേറ്റുമായി ബന്ധപ്പെടുകയും രണ്ട് തവണ നേരിട്ട് കണ്ട് നിവേദനം നല്‍കുകയും ചെയ്തിട്ടുണ്ട്. കളക്ടര്‍ മാറിയ സാഹചര്യത്തില്‍ നിലവിലെ കളക്ടര്‍ക്കും വീണ്ടും നിവേദനം നല്‍കി. 250 ഓളം നിക്ഷേപകരുടെ ഒപ്പോടെയുള്ള ഭീമഹര്‍ജി ഉദുമ എംഎല്‍എ സി.എച്ച്. കുഞ്ഞമ്പുവിന് നല്‍കുകയും വിഷയത്തില്‍ ഇടപെടാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എംഎല്‍എയുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരത്ത് ഹോം സെക്രട്ടറിയുടെ ഓഫീസില്‍ നേരിട്ടെത്തി വിഷയം ബോധ്യപ്പെടുത്തി. ഹോം സെക്രട്ടറിയുടെ ഓഫീസില്‍ നിന്ന് വിശദാംശങ്ങള്‍ തേടി കാസര്‍കോട് ജില്ലാ ഓഫീസിലേക്ക് ഇമെയില്‍ അയച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് അറിയാന്‍ കഴിഞ്ഞു. ഹൈറിച്ച് വിഷയത്തില്‍ ഉണ്ടായതുപോലുള്ള നടപടികള്‍ ജിബിജി നിക്ഷേപകരുടെ കാര്യത്തിലും ഉണ്ടാകണമെന്നും അല്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് പി. മോഹനന്‍, വൈസ് പ്രസിഡന്റ് പി.എസ്. ശശിധരന്‍, സെക്രട്ടറി കെ. ശ്രീധരന്‍, ജോയിന്റ് സെക്രട്ടറി രാജു ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു
