ആദൂര്‍: ആദൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കൊണ്ടാര്‍ എന്ന സ്ഥലത്ത് വീട് കുത്തിത്തുറന്ന് സ്വര്‍ണം മോഷ്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍.
2026 സെപ്റ്റംബര്‍ 20ന് പകല്‍ സമയത്താണ് കേസിനാസ്പദമായ സംഭവം. വെള്ളക്കടവില്‍ താമസിക്കുന്ന സദാനന്ദന് എന്നയാളുടെ വീടിന്റെ പിന്‍ഭാഗത്തെ അടുക്കള വാതില്‍ കുത്തിത്തുറന്ന് അകത്തുകയറി അലമാരിയില്‍ സൂക്ഷിച്ചിരുന്ന ഏഴര പവന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.
സംഭവസ്ഥലത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ സി.സി.ടി.വി ഇല്ലാതിരുന്നിട്ടും 250-ഓളം സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. നാട്ടുകാരന് നല്കിയ നേരിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേര്‍ ഹെല്‍മറ്റ് ധരിച്ച് മോട്ടോര്‍ സൈക്കിളില്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് കേന്ദ്രീകരിച്ച് മൈസൂരു, നെഞ്ചങ്കോട് വരെയുള്ള 250-ഓളം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
എറണാകുളം ജില്ലയിലെ പനങ്ങാട് പുതിയതായി താമസിക്കാന്‍ വന്ന കൊല്ലം സ്വദേശിയും 22-ഓളം കേസുകളിലെ പ്രതിയുമായ അഭിരാജ്, കൊല്ലം ജില്ലയിലെ പത്തനാപുരം പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന ആദിത്യന് (23) എന്നിവരാണ് അറസ്റ്റിലായത്.
അഭിരാജിനെ എറണാകുളം പനങ്ങാട് കുമ്പളത്തെ വീട്ടില്‍ വെച്ചും ആദിത്യനെ കൊല്ലം ജില്ലയിലെ പത്തനാപുരത്തെ വാടക വീട്ടില്‍ വെച്ചുമാണ് പിടികൂടിയത്.
കാസര്‍കോട് ജില്ലാ പോലീസ് മേധാവി പി.ബി. രാജിന്റെ നിര്‍ദേശപ്രകാരം ബേക്കല്‍ ഡി.വൈ.എസ്.പി വിനോദ് കുമാറിന്റെ മേല്‍നോട്ടത്തില്‍ ആദൂര്‍ ഇന്‍സ്പെക്ടര്‍ അനൂപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്പെക്ടര്‍മാരായ ശരത് കെ, സുകുമാരന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ പ്രസാദ് പുല്ലൂര്‍, ജോസ് വിന്‍സെന്റ്, സി.പി.ഒമാരായ സുരേഷ്, നിതിന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
