ബിജെപി ഹെല്‍പ് ഡെസ്‌ക് ക്യാമ്പും ശുചീകരണവും സംഘടിപ്പിച്ചു; കോട്ടപ്പാറയില്‍ നടന്ന പരിപാടി ബിജെപി സംസ്ഥാന സമിതി അംഗം എ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു

കോട്ടപ്പാറ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുസേവനത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായുള്ള ‘സേവാ സങ്കല്‍പ് അഭിയാന്‍’ പരിപാടിയുടെ ഭാഗമായി ബിജെപി ഹെല്‍പ് ഡെസ്‌ക് കാസര്‍കോടും ബിജെപി മടിക്കൈ പഞ്ചായത്ത് കമ്മിറ്റിയും ചേര്‍ന്ന് കേന്ദ്ര പദ്ധതികളുടെ ഹെല്‍പ് ഡെസ്‌ക് ക്യാമ്പും ശുചീകരണവും സംഘടിപ്പിച്ചു. കോട്ടപ്പാറ ടൗണ്‍ ശുചീകരണവും വാഴക്കോട് സ്‌കൂള്‍ പരിസരത്ത് നടന്ന ഹെല്‍പ് ഡെസ്‌ക് ക്യാമ്പും ബിജെപി സംസ്ഥാന സമിതി അംഗം എ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. പി.എം.ഇ.ജി.പി മുദ്ര കണ്‍സള്‍ട്ടന്റ് നോബിള്‍ തോമസ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ച് ഗുണഭോക്താക്കള്‍ക്ക് വിശദീകരിച്ചു. പൊതുജനങ്ങള്‍ക്ക് പദ്ധതികളെക്കുറിച്ച് വ്യക്തമായ അറിവ് നല്‍കുകയും അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പി.എം കിസാന്‍ സമ്മാന്‍ നിധി മുടങ്ങിയവര്‍ക്ക് ആനുകൂല്യം പുനഃസ്ഥാപിക്കുന്നതിനും, വിവിധ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുന്നതിനും, കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് അറിയുന്നതിനും ആനുകൂല്യം നേടുന്നതിനും ക്യാമ്പ് വഴി സാധിച്ചു. കൂടാതെ പ്രധാനമന്ത്രി റിലീഫ് ഫണ്ടിന് അപേക്ഷ സമര്‍പ്പിക്കുന്നതിനും പോസ്റ്റല്‍ വകുപ്പും ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്ന് കുറഞ്ഞ വാര്‍ഷിക പ്രീമിയത്തില്‍ നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിനും അവസരം ഉണ്ടായിരുന്നു. ശ്രവണ സഹായ വിതരണവും നടന്നു. ബിജെപി ബൂത്ത് കമ്മിറ്റി പ്രസിഡന്റ് എ. സന്ദീപ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ. ശോഭന, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ബിജി ബാബു, സെക്രട്ടറി പി. മനോജ്കുമാര്‍, ജില്ലാ കമ്മിറ്റി അംഗം എം. ശങ്കരന്‍ വാഴക്കോട് എന്നിവര്‍ സംസാരിച്ചു. ബൂത്ത് പ്രസിഡന്റ് ബിജു തുമ്പയില്‍ സ്വാഗതവും പ്രശാന്ത് അരീക്കര നന്ദിയും പറഞ്ഞു.

 

error: Content is protected !!