പുതുതലമുറ സ്‌ക്രീന്‍ ടൈം കുറച്ച് പ്രകൃതിയിലേക്ക് മടങ്ങണം: മന്ത്രി ഒ.ജെ. ജനീഷ്

കാഞ്ഞങ്ങാട്: പുതുതലമുറ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിതമായ ഉപയോഗം കുറച്ച് പ്രകൃതിയോട് കൂടുതല്‍ അടുത്തിടപഴകണമെന്ന് യുവജനക്ഷേമ, കായിക, പുരാവസ്തു, പുരാരേഖ, മ്യൂസിയം, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് പറഞ്ഞു. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ദേശീയ സാഹസിക അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന റാണിപുരം ട്രെക്കിംഗ് ക്യാമ്പ് കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്‌ക്രീന്‍ ടൈമില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന ശീലം കുട്ടികളിലും യുവാക്കളിലും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രകൃതിയുമായി നേരിട്ട് ബന്ധപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. മലകളും കാടുകളും പുഴകളും ഉള്‍പ്പെടുന്ന പ്രകൃതിയുടെ വൈവിധ്യം നേരിട്ടറിയുന്നതിലൂടെ യുവാക്കള്‍ക്ക് മാനസികവും ശാരീരികവുമായ ഉണര്‍വ് ലഭിക്കും. സാഹസിക പ്രവര്‍ത്തനങ്ങളിലൂടെയും പ്രകൃതി സഞ്ചാരങ്ങളിലൂടെയും പുതിയ അനുഭവങ്ങളും കൂട്ടായ്മയുടെ മനോഭാവവും വളര്‍ത്തിയെടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
യുവജനങ്ങളില്‍ സാഹസികതയും പ്രകൃതിസ്‌നേഹവും വളര്‍ത്തുന്നതിനും ലഹരിയില്‍ നിന്നും മറ്റ് ദുശ്ശീലങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുന്നതിനും ഇത്തരം ക്യാമ്പുകള്‍ സഹായകമാകുമെന്ന് മന്ത്രി വ്യക്തമാക്കി.
ട്രക്കിംഗില്‍ പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കണം കായികക്ഷമത കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ജെന്‍സി തലമുറ കളിക്കളം വീണ്ടെടുക്കണമെന്നും മന്ത്രി പറഞ്ഞു യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ വിവിധ തലങ്ങളില്‍ കേരളോത്സവം നടത്തുമെന്നും എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു
ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് റാണിപുരം ട്രെക്കിംഗ് ക്യാമ്പ് നടക്കുന്നത്. കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഹാളില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍, , ഡി.ടി.പി.സി സെക്രട്ടറി ജിജേഷ് കുമാര്‍, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സ്‌നേഹ, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നോഡല്‍ ഓഫീസറും ഡെപ്യൂട്ടി ഡയറക്ടറുമായ ജി.ആര്‍. രതീഷ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി.സി. ഷിലാസ് എന്നിവര്‍ പങ്കെടുത്തു.
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എം. സ്വപ്ന സ്വാഗതവും ദേശീയ സാഹസിക അക്കാദമി സ്‌പെഷ്യല്‍ ഓഫീസര്‍ പി. പ്രണിത നന്ദിയും പറഞ്ഞു.

 

error: Content is protected !!