നീലേശ്വരം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിര്‍മ്മിക്കുന്ന അശാസ്ത്രീയവും അപകടകരവുമായ മണ്‍തിട്ടയ്ക്ക് പകരം ആകാശപാത (ഫ്ലൈഓവര്‍) നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന റിലേ പ്രതിഷേധ ജാഥ മൂന്നാം ദിവസത്തിലേക്ക് കടന്നു. ജനങ്ങളുടെ ജീവനും നാടിന്റെ വികസനത്തിനും പുല്ലുവില കല്‍പ്പിക്കുന്ന അധികാരികളുടെ അവഗണനയ്ക്കെതിരെ വൈകിട്ട് സമരപ്പന്തലില്‍ നിന്നാരംഭിച്ച മൂന്നാം ദിനത്തിലെ ജാഥ പടിഞ്ഞാറ്റം കൊവ്വല്‍ – മൂലപ്പള്ളിയില്‍ സമാപിച്ചു. നൂറുകണക്കിന് ആളുകളാണ് നാടിന്റെ നിലനില്‍പ്പിനായുള്ള ഇന്നത്തെ ജാഥയിലും അണിനിരന്നത്.
ജനകീയ സമരസമിതി മാര്‍ച്ച് 23ന് ആരംഭിച്ച അനിശ്ചിതകാല സമരം 192 ദിവസത്തിലെത്തിയിരിക്കുകയാണ്.
ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ ജനങ്ങളുടെ ആവശ്യം പൂര്‍ണമായും അവഗണിച്ച് അശാസ്ത്രീയവും അപകടകരവുമായ എംബാങ്ക്മെന്റിന്റെയും അണ്ടര്‍ പാസിന്റെയും നിര്‍മാണവുമായി മുന്നോട്ട് പോയാല്‍ എന്തു വില കൊടുത്തും തടയുമെന്ന് ജനകീയ സമരസമിതി നേതാക്കള്‍ മുന്നറിയിപ്പ് നല്കി. എന്തു ത്യാഗം സഹിച്ചും ആകാശപാത നേടുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും നേതാക്കള്‍ അറിയിച്ചു.
നഗരത്തെ കിഴക്കും പടിഞ്ഞാറുമായി വിഭജിക്കുന്ന വന്മതിലായി മാറുന്ന ഈ മണ്‍തിട്ട നാടിന്റെ സാമ്പത്തിക, വിനോദസഞ്ചാര, കാര്‍ഷിക മേഖലകളെ പൂര്‍ണ്ണമായും തകര്‍ക്കുമെന്ന് ജാഥയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ഭാരം താങ്ങാന്‍ ശേഷിയില്ലാത്ത ചതുപ്പുനിലത്ത് ഉയര്‍ത്തുന്ന ഈ മണ്‍തിട്ട സമീപവാസികള്‍ക്കും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
ജനങ്ങളുടെ ജീവനെക്കാള്‍ വലുതല്ല യാതൊരു നിര്മ്മാണവുമെന്നും, അശാസ്ത്രീയമായ ഈ രൂപകല്പന മാറ്റിയേ തീരൂ എന്നും സമരസമിതി വ്യക്തമാക്കി.
മണ്‍തിട്ട നിര്‍മ്മാണം അടിയന്തരമായി നിര്‍ത്തിവെച്ച് നെടുങ്ങണ്ട മുതല്‍ കരുവച്ചേരി വരെ തൂണുകളോട് കൂടിയ ആകാശപാത നിര്‍മ്മിക്കുക എന്ന ന്യായമായ ആവശ്യം നേടിയെടുക്കും വരെ ഈ ജനകീയ പ്രക്ഷോഭം കൂടുതല്‍ ശക്തമായി തുടരും. അധികാരികള്‍ ഇനിയെങ്കിലും കണ്ണുതുറക്കാന്‍ തയ്യാറാകണം. ഈ ജീവന്മരണ പോരാട്ടത്തില്‍ നാടിനെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും പിന്തുണ വരും ദിവസങ്ങളിലും ഉണ്ടാകണമെന്ന് സമരസമിതി അഭ്യര്‍ത്ഥിച്ചു.
പടിഞ്ഞാറ്റം കൊഴുവലിലെ ജനങ്ങള്‍ അഭിവാദ്യങ്ങളുമായി സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു.
ജാഥയ്ക്ക് മുതിര്‍ന്ന അംഗങ്ങളായ രാജു രാമൂട്ടി, കെ .പി. ജയരാജന്, എന്‍. വിശ്വേശ്വര പ്രഭു, രമേശന് നായര്‍, ഹരീന്ദ്രന്‍, മലപ്പില്‍ സുകുമാരന്‍, പ്രകാശന് കൊട്ടറ, ജോണ്‍ ഐമെന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ജനകീയ സമരസമിതി ചെയര്മാന് ടി.സി.വി ശ്രീനാഥ് ശശി, കണ്‍വീനര്‍ ഡി. രാജന്, ട്രഷറര്‍ മഹമൂദ് കോട്ടായി, അംഗങ്ങളായ പത്മരാജന് ഐങ്ങോത്ത്, വിജയന് കൈപ്പാട്ടില്, രതീഷ് കൃഷ്ണന്, കെ.വി. മനോജ്, വിനോദ്, ഹരീഷ് പി.പി., സൗദാമിനി, എന്‍.സി. വിജയന്, കൃഷ്ണകുമാര്‍, രാജീവന്, ഷഫീക്, അശോക് കുമാര്‍, അഡ്വ. ഹനീഫ, ചന്ദ്രന്, നളിനി, വിജയന് പാലായില്‍, മഹിജാബി, സി.എം. രാജു, സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
