കോളിച്ചാലില്‍ നിന്നും പിടികൂടിയത് 70.87 ഗ്രാം എംഡിഎംഎ; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

രാജപുരം: കര്‍ണാടക വഴി കേരളത്തിലേക്ക് എംഡിഎംഎ കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജില്ലാ പോലീസ് മേധാവി പി. നിതിന്‍ രാജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് ഡാന്‍സാഫ് ടീം നടത്തിയ പരിശോധനയിലാണ് കര്‍ണാടകയില്‍ നിന്ന് വരികയായിരുന്ന കെഎല്‍ 14 എജി 6083 നമ്പര്‍ മാരുതി എസ്-പ്രെസ്സോ കാറില്‍ നിന്നും 70.87 ഗ്രാം എംഡിഎംഎ പിടികൂടിയത്. കേരള അതിര്‍ത്തിയായ പാണത്തൂര്‍ മുതല്‍ പിന്തുടര്‍ന്ന് കോളിച്ചാല്‍ പാലത്തിന് സമീപം വെച്ച് പോലീസ് വാഹനം കാറിന് കുറുകെയിട്ട് പ്രതികളെ പിടികൂടിയത്. പൈവളിഗെ ചേവാര്‍ സ്വദേശി മുഹമ്മദ് ഷെരീഫ് (38), പുത്തിഗെ കട്ടത്തെടുക്ക എകെജി നഗര്‍ സ്വദേശി പി.കെ. അബ്ദുല്‍ ഷാഹീര്‍ (38), ബംബ്രാണ പൂക്കട്ടെ സ്വദേശി എം. മുഹമ്മദ് നാസര്‍ (34) എന്നിവരെ രാജപുരം സബ് ഇന്‍സ്‌പെക്ടര്‍ കെ. അഭിജിത്തും അറസ്റ്റ് ചെയ്തത്.
ലഹരി മാഫിയ പ്രധാന ചെക്ക്‌പോസ്റ്റുകള്‍ ഒഴിവാക്കി ഉള്‍വഴികളിലൂടെ ലഹരി കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ജില്ലയില്‍ തൂഫാന്‍ – ഡാന്‍സാഫ് ടീമുകളുടെ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

 

error: Content is protected !!