local news

നെല്‍വിത്തുകളുടെ പേരില്‍ 11 വേദികള്‍; ചെറുവയല്‍ രാമന്റെ ഓര്‍മ്മയില്‍ കലയുടെ ഉത്സവമായി തച്ചങ്ങാട് – ബേക്കല്‍ ഉപജില്ലാ കലോത്സവം നവംബര്‍ 2 മുതല്‍

കാഞ്ഞങ്ങാട്: 30 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; കലയുടെ മാമാങ്കത്തിന് തച്ചങ്ങാട് ഒരുങ്ങി. 65-ാമത് ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നവംബര്‍ 2ന് തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ തിരിതെളിയും.
സ്‌കൂളിലും പരിസരങ്ങളിലുമായി 11 വേദികളാണ് കലോത്സവത്തിനായി ഒരുക്കിയിട്ടുള്ളത്. അന്തരിച്ച പത്മശ്രീ ജേതാവും കര്‍ഷകനുമായ ചെറുവയല്‍ രാമന്റെ സ്മരണാര്‍ത്ഥം 11 വേദികള്‍ക്കും നെല്‍വിത്തുകളുടെ പേരാണ് നല്‍കിയിട്ടുള്ളത് എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. ജനറല്‍ കലോത്സവം, സംസ്‌കൃതോത്സവം,അറബികലോത്സവം എന്നിവയിലായി 4000-ത്തോളം കുട്ടികള്‍ ഈ ദിവസങ്ങളില്‍ മത്സരത്തിനെത്തും. വേദികളും ഭക്ഷണശാലയും മറ്റ് പശ്ചാത്തല സൗകര്യങ്ങളും എല്ലാം തയ്യാറായതായി ഭാരവാഹികള്‍ അറിയിച്ചു.

ഇന്നലെ രാവിലെ കലവറ ഘോഷയാത്ര നടന്നു.
നവംബര്‍ 2ന് വൈകിട്ട് വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. ഉദ്ഘാടന സമ്മേളനം നവംബര്‍ 3ന് വൈകിട്ട് 4 മണിക്ക് കെ നീലകണ്ഠന്‍ എംഎല്‍എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം മുഖ്യാതിഥിയായിരിക്കും. സിനിമ-സീരിയല്‍ താരം ഉണ്ണിരാജ് ചെറുവത്തൂര്‍ വിശിഷ്ടാതിഥിയായിരിക്കും.
സമാപന സമ്മേളനം നവംബര്‍ 6ന് രാവിലെ 10 മണിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ സോയ അധ്യക്ഷത വഹിക്കും. സുവനീര്‍ പ്രകാശനം പി.വി. രമ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയര്‍പേഴ്‌സണുമായ ടി. ശോഭന, ജനറല്‍ കണ്‍വീനര്‍ ഹെഡ്മിസ്ട്രസ് കെ.എം. സജിത, വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.ടി. അനില്‍കുമാര്‍, എ.ഇ.ഒ ടി.കെ. മുഹമ്മദലി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി. മധുസൂദനന്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ തച്ചങ്ങാട്, കണ്‍വീനര്‍ പ്രേമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!