local news

കാലിച്ചാമരത്ത് നാടകശില്പം അനാഛാദനവും നാടകഗാന സദസ്സും നാളെ

കരിന്തളം: കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ 70-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 21 മുതല്‍ 25 വരെ കാലിച്ചാമരത്ത് നടക്കുന്ന സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ നാടകശില്പം അനാഛാദനവും നാടകഗാന സദസ്സും സംഘടിപ്പിക്കുന്നു. കാലിച്ചാമരത്ത് ഒരുക്കിയ നാടകശില്പത്തിന്റെ അനാഛാദനവും നാടകഗാന സദസ്സും ‘പാട്ടകം’ നാളെ (31) വൈകിട്ട് 5 മണിക്ക് നടക്കും. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം പരിപാടി ഉദ്ഘാടനം ചെയ്യും. ഫോക്ക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് സുനില്‍ കണ്ണന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.നാടകോത്സവത്തിന്റെ ഭാഗമായി വിവിധ കലാ സാംസ്‌കാരിക പരിപാടികളാണ് സംഘാടകസമിതി തീരുമാനിച്ചിരിക്കുന്നത്. വായനശാലയുടെ ഏഴ് പതിറ്റാണ്ട് നീളുന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നാടകോത്സവത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. സംസ്ഥാനത്തെ പ്രമുഖ പ്രൊഫഷണല്‍ നാടകസംഘങ്ങള്‍ പങ്കെടുക്കുന്ന നാടകോത്സവം നാടകാസ്വാദകര്‍ക്കും കലാപ്രേമികള്‍ക്കും വേറിട്ട അനുഭവമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

 

error: Content is protected !!