നാല് ലക്ഷത്തോളം രൂപ വിലമതിക്കുന്ന എ.ബി കേബിളുകള്‍ മോഷ്ടിച്ച അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ ഉള്‍പ്പെടെ നാലംഗ സംഘം അറസ്റ്റില്‍

ബദിയടുക്ക: എന്‍മകജെ ഗുണാജെയില്‍ കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍ പെര്‍ള ഓഫീസിന്റെ കീഴില്‍ നിന്ന് നാല് ലക്ഷത്തോളം രൂപ വിലമതിക്കുന്ന എ.ബി കേബിളുകള്‍ മോഷ്ടിച്ച അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ ഉള്‍പ്പെടെ നാലംഗ സംഘത്തെ ബദിയടുക്ക പോലീസ് 36 മണിക്കൂറിനുള്ളില്‍ അതിവിദഗ്ദ്ധമായി പിടികൂടി.
പെര്‍ള അഡുക്കയില്‍ താമസിക്കുന്ന മംഗളൂരു മഞ്ചനാടി അസിജോലിസ്വദേശി
നൗഷാദ് (34), പഞ്ചിക്കല്‍, ബംബ്രാണയിലെ ഇ മുഹമ്മദ് (42) ബണ്ട്വാള്‍ പുദു, പറങ്കിപ്പേട്ട സങ്കീര്‍മുള്ളി ഹൗസിലെ
മുഹമ്മദ് ഷാഹിദ് (29)
ബൈത്തുല്‍ പടവ്, പച്ചിനടുക്ക, കല്ലിഗെ നവീന്‍ (48) എന്നിവരെയാണ് കുമ്പള ഇന്‍സ്പെക്ടര്‍ അനൂപ് കൃഷ്ണയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 23 ന് വൈകിട്ട് 5 മണിക്കും 24 ന് രാവിലെ 9.30 നും ഇടയിലാണ് ഗുണാജെയിലെ ട്രാന്‍സ്ഫോര്‍മറിന് സമീപം റോഡരികില്‍ സൂക്ഷിച്ചിരുന്ന എ.ബി കേബിളുകള്‍ കെ.എല്‍. 14 എ.ഇ 9095 നമ്പര്‍ വാഹനത്തിലെത്തിയ സംഘം മോഷ്ടിച്ചു കടത്തിയത്. കെ.എസ്.ഇ.ബിയുടെ പരാതിയില്‍ ബദിയടുക്ക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് സംഭവസ്ഥലത്തെ വീടുകളില്‍ നിന്നും പരിസരങ്ങളില്‍ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായത്. ദൃശ്യങ്ങളില്‍ കണ്ട വാഹനത്തിന്റെ ഉടമസ്ഥനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വാഹനം വാടകയ്ക്ക് എടുത്ത ഒന്നാം പ്രതി നൗഷാദിനെക്കുറിച്ച് വിവരം ലഭിച്ചു തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തതില്‍ രണ്ടാം പ്രതി മുഹമ്മദിനെ കുമ്പളയില്‍ നിന്നും, മറ്റ് പ്രതികളായ മുഹമ്മദ് ഷാഹിദ്, നവീന്‍ എന്നിവരെ മംഗലാപുരത്തെ പടീല്‍, കണ്ണൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നായി അതിസാഹസികമായി പോലീസ് പിടികൂടുകയായിരുന്നു.
പ്രതികളെ ചോദ്യം ചെയ്തതില്‍ നീര്‍ച്ചാല്‍ വിഷ്ണു മൂര്‍ത്തി നഗറിലെ നിര്‍മ്മാണത്തിലിരിക്കുന്ന പെട്രോള്‍ പമ്പില്‍ നിന്നും ഇരുമ്പ് റോഡുകള്‍ മോഷ്ടിച്ചതായും വെളിവായിട്ടുണ്ട്.അന്തര്‍സംസ്ഥാന മോഷണസംഘത്തിലെ മറ്റുള്ളവരിലേക്കും ഊര്‍ജ്ജിതമായ അന്വേഷണം പുരോഗമിക്കുന്നു.
ജില്ലാ പോലീസ് മേധാവി പി. നിതിന്‍ രാജിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച അന്വേഷണ സംഘത്തില്‍ സി ഐക്ക് പുറമേ സബ് ഇന്‍സ്പെക്ടര്‍മാരായ സുനില്‍ കുമാര്‍, വിനോദ് കുമാര്‍,എ എസ് ഐമാരായ സിനീഷ് സിറിയക്, ശശി പ്രസാദ്,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ് വര്‍ഗീസ്, സുഭാഷ്, ഗോകുല്‍, രതീഷ്,
സിവില്‍ പോലീസ് ഓഫീസര്‍മാരായ ധനേഷ്, ഷിബിന്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ശ്രീനേഷ് എന്നിവരും ഉണ്ടായിരുന്നു

 

error: Content is protected !!