നീലേശ്വരം: ചവിട്ടുപടികളുടെ കോണ്‍ക്രീറ്റ് തകര്‍ന്ന് യാത്രക്കാര്‍ക്ക് കടുത്ത അപകടാവസ്ഥ സൃഷ്ടിക്കുന്ന നീലേശ്വരം രാജാ റോഡ് റെയില്‍മേല്‍ നടപ്പാത അടിയന്തരമായി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് നീലേശ്വരം റെയില്‍വേ ഡവലപ്‌മെന്റ് കലക്റ്റീവ് (എന്‍.ആര്‍.ഡി.സി.) പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്ക് (ഡി.ആര്‍.എം.) നിവേദനം നല്‍കി.
യാത്രക്കാരുടെ ജീവന് ഭീഷണിയായി മാറിയ നടപ്പാതയുടെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നും, അര്‍ധരാത്രിയിലെ ട്രെയിനുകള്‍ക്ക് സ്റ്റേഷന്‍ മാസ്റ്റര്‍ നേരിട്ട് ടിക്കറ്റ് നല്‍കേണ്ടി വരുന്നതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്റ്റേഷനിലെ കൊമേര്‍ഷ്യല്‍ സ്റ്റാഫ് അപര്യാപ്തത പരിഹരിക്കണമെന്നും നിവേദനത്തില്‍ ശക്തമായി ആവശ്യപ്പെട്ടു.
നിവേദക സംഘവുമായി നടത്തിയ ചര്‍ച്ചയില്‍ റെയില്‍വേ സ്റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട് നിരവധി സുപ്രധാന പ്രഖ്യാപനങ്ങളാണ് ഡി.ആര്‍.എം. മധുകര്‍ റൗട്ട് നടത്തിയത്. റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറു വശത്തെ വിശാലമായ പാര്‍ക്കിങ് മൈതാനം യാത്രക്കാര്‍ക്കായി ഉടന്‍ തുറന്നുകൊടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ, യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്റ്റേഷനില്‍ പുതുതായി വലിയ ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകളും, രണ്ട് മാസത്തിനുള്ളില്‍ ഡിജിറ്റല്‍ കോച്ച് പൊസിഷന്‍ ബോര്‍ഡുകളും സ്ഥാപിക്കുമെന്നും ഡി.ആര്‍.എം. ഉറപ്പുനല്‍കി.
പാലക്കാട് ഡി.ആര്‍.എം. ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ എന്‍.ആര്‍.ഡി.സി.യെ പ്രതിനിധീകരിച്ച് രക്ഷാധികാരി ഡോ. വി. സുരേശന്‍, പ്രസിഡന്റ് പി.യു. ചന്ദ്രശേഖരന്‍, സെക്രട്ടറി എം. വിനീത്, ട്രഷറര്‍ സി.എം. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.എം. ഗോപാലകൃഷ്ണന്‍, കെ. ബാബുരാജ്, ഗോപകുമാര്‍ കോറോത്ത്, അഡ്വ. ടി. ജയരാജ്, പ്രൊഫ. വി.വി. പുരുഷോത്തമന്‍, എം. ബാലകൃഷ്ണന്‍, ടി.സി.വി. ശ്രീനാഥ് ശശി, കെ.വി. മനോജ്, സംഗീത വിജയന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ സന്നിഹിതരായിരുന്നു.
