ശ്രീകുറുംബാ ഭഗവതി ക്ഷേത്രത്തില്‍ നെല്‍ക്കൃഷിയുടെ വിളവെടുപ്പ്

നീലേശ്വരം: പാലക്കാട്ട് ശ്രീകുറുംബാ ഭഗവതി ക്ഷേത്രത്തിലെ മാതൃസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ നെല്‍ക്കൃഷിയുടെ വിളവെടുപ്പ് നടത്തി. ക്ഷേത്രത്തോടനുബന്ധിച്ചുള്ള കാര്‍ഷിക പാരമ്പര്യവും കൂട്ടായ്മയുടെ സംസ്‌കാരവും സംരക്ഷിക്കുന്നതിന്റെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി മാതൃസമിതി അംഗങ്ങള്‍ നടത്തിയ നെല്‍ക്കൃഷിയാണ് വിളവെടുപ്പിലെത്തിയത്.കൃഷിയിടത്തില്‍ നടന്ന വിളവെടുപ്പ് ചടങ്ങില്‍ ക്ഷേത്ര സ്ഥാനികര്‍, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.വി. രാജീവന്‍, സെക്രട്ടറി നാരായണന്‍ കുണ്ടേന്‍ വയല്‍, മാതൃസമിതി പ്രസിഡന്റ് സതി വേണു, സെക്രട്ടറി ലീലാ സുന്ദരന്‍, ട്രഷറര്‍ ജാനകിനാരായണന്‍ എന്നിവര്‍
നേതൃത്വം നല്‍കി. കൃഷിയോടുള്ള താല്‍പര്യം വളര്‍ത്തുന്നതിനും പരമ്പരാഗത കാര്‍ഷിക സംസ്‌കാരം പുതുതലമുറയിലേക്ക് പകരുന്നതിനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായകരമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. കൂട്ടായ അധ്വാനത്തിലൂടെ കൃഷി ചെയ്ത് ലഭിച്ച നെല്ലിന്റെ വിളവെടുപ്പ് മാതൃസമിതി അംഗങ്ങള്‍ക്ക് ഏറെ സന്തോഷവും അഭിമാനവും പകര്‍ന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന മാതൃസമിതിയുടെ നേതൃത്വത്തില്‍ നടന്ന നെല്‍ക്കൃഷി പ്രദേശത്തെ ശ്രദ്ധേയമായ കൂട്ടായ്മാ പ്രവര്‍ത്തനമായി മാറി.

 

error: Content is protected !!