കാസര്‍കോട്: നെല്ലിക്കട്ട അതുര്‍ക്കുഴിയില്‍ ഓടിക്കൊണ്ടിരുന്ന മാരുതി കാര്‍ കത്തി പൂര്‍ണമായും നശിച്ചു.
അതുര്‍ക്കുഴിയിലെ വിനോദിന്റെ കെ എല്‍ 13 ക്യു 6777 നമ്പര്‍ മാരുതി 800 കാറാണ് കത്തിയത്. അതുര്‍ക്കുഴി കയറ്റത്തില്‍ വച്ച് എഞ്ചിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ അഷറഫ് ബ്രേക്ക് ചവിട്ടി വാഹനം നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും വാഹനം നില്‍ക്കാതെ പുറകോട്ട് വന്ന് സമീപത്തെ കോണ്‍ക്രീറ്റ് തൂണില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.സീറ്റ് ബെല്‍റ്റ് അഴിച്ച് ഡ്രൈവര്‍ പെട്ടെന്ന് പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.വിവരമറിഞ്ഞ് കാസര്‍കോട് അഗ്‌നിരക്ഷാ നിലയത്തില്‍ നിന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സുകു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി തീ അണച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ അമല്‍, സിറാജുദ്ദീന്‍, വൈശാഖ് എം.എ, ഡ്രൈവര്‍ പ്രസീത് ഇ, ഹോം ഗാര്‍ഡുമാരായ രാജേന്ദ്രന്‍ എ, ശ്രീജിത്ത് പി എന്നിവരും ദൗത്യത്തില്‍ പങ്കെടുത്തു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് അഗ്‌നിരക്ഷാ സേനയുടെ പ്രാഥമിക നിഗമനം.
