ആശുപത്രിയില്‍ നിന്ന് രോഗിയുടെ ബന്ധുവിന്റെ പണവും രേഖകളും മോഷ്ടിച്ചു; 20 കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍

കാസര്‍കോട്: നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് രോഗിയെ കൂട്ടിരുന്ന സ്ത്രീയുടെ പേഴ്‌സ് കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയില്‍. കണ്ണൂര്‍ ഇരിട്ടി പഴഞ്ചേരിമുക്ക് സ്വദേശിയായ രാജേഷ് കുമാര്‍ (30) ആണ് അറസ്റ്റിലായത്. കാസര്‍കോട് ടൗണ്‍ ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസിന്റെയും എസ്.ഐ മനുവിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കുടുക്കിയത്.

സംഭവം ഇങ്ങനെ:
കഴിഞ്ഞ ഓഗസ്റ്റ് 29-30 തീയതികളിലാണ് മോഷണം നടന്നത്. മായിപ്പാടി തൈവളപ്പ് ഹൗസിലെ അബ്ദുല്‍ ഖാദര്‍ ടി.എയുടെ പിതാവ് നുള്ളിപ്പാടിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തെ പരിചരിക്കാന്‍ ഭാര്യയാണ് കൂടെ നിന്നിരുന്നത്. ഇവര്‍ മുറിയിലെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന പേഴ്‌സാണ് മോഷ്ടാവ് കവര്‍ന്നത്. 52,000 രൂപയും പ്രധാനപ്പെട്ട രേഖകളും പേഴ്‌സിലുണ്ടായിരുന്നു. തുടര്‍ന്ന് അബ്ദുല്‍ ഖാദര്‍ നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലില്‍ മോഷണം ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 20-ലധികം മോഷണ കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

error: Content is protected !!