ആരോഗ്യബാല്യസ്പന്ദനം’ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി

കാഞ്ഞങ്ങാട്: അങ്കണവാടി കുട്ടികള്‍ക്കായുള്ള ആരോഗ്യപരിശോധനാ പദ്ധതിയായ ബാല്യസ്പന്ദനം പദ്ധതിയ്ക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കമായി. ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. വനിതാ ശിശുവികസന വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായാണ് ബാല്യസ്പന്ദനം പദ്ധതി നടപ്പാക്കുന്നത്.
ജില്ലയിലെ 1348 അങ്കണവാടികളിലൂടെ സേവനം ലഭിച്ചുവരുന്ന മുഴുവന്‍ കുട്ടികള്‍ക്കും സമയബന്ധിതമായി ആരോഗ്യ പരിശോധന ഉറപ്പാക്കുകയും. ആവശ്യമായ സാഹചര്യങ്ങളില്‍ തുടര്‍ചികിത്സയും നിരീക്ഷണവും ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ ത്രൈമാസ ആരോഗ്യ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ബാല്യസ്പന്ദനം പദ്ധതിയിലൂടെ കുട്ടികളുടെ വളര്‍ച്ചയും ആരോഗ്യനിലയും നിരന്തരം നിരീക്ഷിക്കുക, വളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തുക. ആവശ്യമായ സാഹചര്യങ്ങളില്‍ സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുക, തുടര്‍ചികിത്സയും നിരീക്ഷണവും ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. ചെങ്കള സംഭാവന ഹാളില്‍ നടന്ന ജില്ലാതല പരിപാടി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ്
ഉദ്ഘാടനം ചെയ്തു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട് അധ്യക്ഷത വഹിച്ചു.ചെങ്കള ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ ചേരൂര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷുക്കൂര്‍ ചെര്‍ക്കള , ചെങ്കള പഞ്ചായത്ത് അംഗങ്ങളായ ഹാരിസ് തായല്‍, ഹമീദ് നെക്രാജെ,
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോക്ടര്‍ കെ ടി രേഖ , ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ ധന്യ ദയാനന്ദന്‍ , ജില്ലാതല ഐ.സി.ഡി.എസ്. സെല്‍ പ്രോഗ്രാം ഓഫീസര്‍ ജെംലാ റാണി എ. കെ , കാസര്‍ഗോഡ് അഡീഷണല്‍ വികസന പദ്ധതി ഓഫീസര്‍ സി കെ ശ്രീലത , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോപിനാഥന്‍, എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വെച്ച് ആരോഗ്യ കാര്‍ഡിന്റെ വിതരണ ഉദ്ഘാടനവും ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാതല ഐസിസിഡി എസ് സെല്‍ പ്രോഗ്രാം ഓഫീസറും ചേര്‍ന്ന് കാര്‍ഡ് ഏറ്റുവാങ്ങി. ആരോഗ്യ പരിശോധനയുടെ ഭാഗമായി കുട്ടികളുടെ ഹെല്‍ത്ത് ചെക്ക് അപ്പ് നടത്തി .

 

error: Content is protected !!