ബെംഗളൂരു: കാസര്‍കോട് സ്വദേശികളായ ദമ്പതികളുടെ മകള്‍ ഒന്നര വയസ്സില്‍ രണ്ട് ദേശീയ – അന്തര്‍ദേശീയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി. ബെംഗളൂരു ജലഹള്ളി കുമാര്‍ പ്രിന്‍സ് ടൗണ്‍ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന റിജേഷ് റോഷന് – ശ്രീഭ കെ.എസ് ദമ്പതികളുടെ മകള്‍ മഹാലക്ഷ്മി ആര്. റോഷനാണ് നേട്ടത്തിന് ഉടമ.
ഒരു വയസ്സും അഞ്ച് മാസവും 23 ദിവസവും പ്രായമുള്ളപ്പോള്‍, 2026 മേയ് 30ന് ബെംഗളൂരുവില്‍ വെച്ച് 44 സെക്കന്‍ഡിനുള്ളില്‍ ഒറ്റക്കൈ കൊണ്ട് 12 പീസ് സ്റ്റാക്ക് ടവര്‍ പൂര്‍ത്തിയാക്കിയാണ് മഹാലക്ഷ്മി ‘ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍’ ഇടം നേടിയത്. ഒരു വയസ്സും ആറ് മാസവും പ്രായമുള്ളപ്പോള്‍ 88 വസ്തുക്കള്‍ തിരിച്ചറിയുക, പേരുകള്‍ ഓര്‍ത്തുപറയുക, ജിഗ്സോ പസിലുകള്‍ പൂര്‍ത്തിയാക്കുക, മൃഗങ്ങളുടെ ശബ്ദം അനുകരിക്കുക തുടങ്ങിയ മികവുകള്‍ക്കാണ് ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്’ അച്ചീവര്‍ പുരസ്കാരം ലഭിച്ചത്.
ഒന്‍പത് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ വര്‍ണാഭമായ ബോര്‍ഡ് പുസ്തകങ്ങളോട് താത്പര്യം കാണിച്ചിരുന്ന മഹാലക്ഷ്മി, പുതിയ കാര്യങ്ങള്‍ ആകാംക്ഷയോടെ പഠിച്ചെടുക്കുന്നതില്‍ മിടുക്കിയാണെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
