രാജേന്ദ്രന്‍ പുല്ലൂരിന് പോണ്ടിച്ചേരി ആര്‍ട്ട് അക്കാദമി ദേശീയ ചിത്രകലാ പുരസ്‌കാരം

കാഞ്ഞങ്ങാട് : പോണ്ടിച്ചേരി ആര്‍ട്ട് അക്കാദമിയുടെ ദേശീയ ചിത്രകലാ പുരസ്‌കാരം രാജേന്ദ്രന്‍ പുല്ലൂരിന്. രാജ്യത്തുടനീളമുള്ള ചിത്രകാരന്മാര്‍ സമര്‍പ്പിച്ച സൃഷ്ടികളില്‍നിന്നാണ് രാജേന്ദ്രന്‍ പുല്ലൂരിന്റെ ‘സൈലന്റ് റീപ്ലേയ്സ്മെന്റ്’ എന്ന ചിത്രം പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
സെപ്റ്റംബര്‍ ആറിന് വൈകീട്ട് ചെന്നൈ ദക്ഷിണ ചിത്ര മ്യൂസിയത്തിലെ കാദംബരി ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന ദേശീയ ചിത്രപ്രദര്‍ശന ഉദ്ഘാടന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. 15,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയ പുരസ്‌കാരം.

കേന്ദ്ര ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ ദേശീയ ചിത്രകലാ പ്രദര്‍ശനത്തിലേക്കും രാജേന്ദ്രന്‍ പുല്ലൂരിന്റെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിരവധി ചിത്രകലാ ക്യാമ്പുകളും ചിത്രപ്രദര്‍ശനങ്ങളും ക്യൂറേറ്റ് ചെയ്തിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആര്‍ട്ടിസ്റ്റ് ക്യുറേറ്ററായി ജോലിചെയ്യുന്ന രാജേന്ദ്രന്‍ കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍ സ്വദേശിയാണ്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍നിന്ന് ചിത്രകലയില്‍ ബിരുദം നേടിയ അദ്ദേഹത്തിന് നേരത്തേ രാജാരവിവര്‍മ ചിത്രകലാ പുരസ്‌കാരം, ഐഫാക്‌സ് സംസ്ഥാന ചിത്രകലാ പുരസ്‌കാരം, കേരള ലളിതകലാ അക്കാദമി വിവിധ ഗ്രാന്റുകള്‍, സിദ്ധാര്‍ഥ ഫൗണ്ടേഷന്‍ സംസ്ഥാന ചിത്രകലാ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

error: Content is protected !!