കാഞ്ഞങ്ങാട്: കുട്ടികളിലെ ജനിതക, ന്യൂറോഡെവലപ്മെന്റല്‍ പ്രശ്നങ്ങള്‍ നേരത്തെ തിരിച്ചറിയുകയും ആവശ്യമായ വിദഗ്ധ ചികിത്സയ്ക്കും പുനരധിവാസത്തിനും യഥാസമയം റഫര്‍ ചെയ്യുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി ‘ജെന്ഡെവ്കോണ് 2026’ സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്ട് നടന്നു. ഐഎപി കാഞ്ഞങ്ങാട്, ഐഎപി കേരള ന്യൂറോഡൈവേഴ്സിറ്റി ചാപ്റ്റര്‍, ജനറ്റിക്സ് സബ്സ്പെഷ്യാലിറ്റി ചാപ്റ്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ഐഎംഎ ഹൗസില്‍ സമ്മേളനം സംഘടിപ്പിച്ചത്.
ഐഎപി കേരള പ്രസിഡന്റ് ഡോ. എം. കെ. നന്ദകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ ജനിതകവും ന്യൂറോഡെവലപ്മെന്റല്‍ സംബന്ധമായതുമായ അവസ്ഥകള്‍ സമയബന്ധിതമായി തിരിച്ചറിയുന്നതിലും ശാസ്ത്രീയമായ ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്നതിലും ശിശുരോഗ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ പങ്ക് നിര്‍ണായകമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ, സംസ്ഥാന തലങ്ങളില്‍ നിന്നുള്ള പ്രമുഖ വിദഗ്ധര്‍ വിവിധ അക്കാദമിക് സെഷനുകള്‍ക്ക് നേതൃത്വം നല്കി. ജനിതക രോഗങ്ങളുടെ തിരിച്ചറിയല്‍, ന്യൂറോഡെവലപ്മെന്റല്‍ പ്രശ്നങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍, നേരത്തെയുള്ള ഇടപെടലിന്റെ പ്രാധാന്യം, വിദഗ്ധ റഫറല്‍, ആധുനിക രോഗനിര്‍ണയ മാര്‍ഗങ്ങള്‍, ചികിത്സ, പുനരധിവാസം തുടങ്ങിയ വിഷയങ്ങള്‍ വിവിധ സെഷനുകളില്‍ വിശദമായി ചര്‍ച്ച ചെയ്തു.
കുട്ടികളിലെ ഇത്തരം പ്രശ്നങ്ങള്‍ എത്രയും നേരത്തെ തിരിച്ചറിയുകയും ആവശ്യമായ ഇടപെടലുകള്‍ ആരംഭിക്കുകയും ചെയ്യുന്നത് അവരുടെ വളര്‍ച്ചയും പഠനശേഷിയും സാമൂഹിക ഇടപെടലുകളും മെച്ചപ്പെടുത്തുന്നതിന് നിര്‍ണായകമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ചികിത്സയ്ക്കൊപ്പം ദീര്‍ഘകാല പുനരധിവാസത്തിനും പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ന്യൂറോഡെവലപ്മെന്റല്‍, ജനിതക പ്രശ്നങ്ങളുള്ള കുട്ടികളുടെ പുനരധിവാസത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുറമെ കുടുംബത്തിന്റെയും , അദ്ധ്യാപകരുടെതും,സമൂഹത്തിന്റെയും സജീവ പങ്കാളിത്തം അനിവാര്യമാണെന്നും സമ്മേളനം വിലയിരുത്തി. കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അവരുടെ കഴിവുകള്‍ പരമാവധി വികസിപ്പിക്കുന്നതിനും കൂട്ടായ സാമൂഹിക ഇടപെടല്‍ ആവശ്യമാണ്.
കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള ശിശുരോഗ വിദഗ്ധരും മറ്റ് സ്പെഷ്യലിസ്റ്റുകളും ബിരുദാനന്തര വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിരവധി പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. വിവിധ മേഖലകളിലെ വിദഗ്ധരുടെ അറിവും അനുഭവങ്ങളും പങ്കുവെക്കുന്നതിനും പുതിയ ചികിത്സാ സമീപനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുമുള്ള വേദിയായി ‘ജെന്ഡെവ്കോണ് 2026’ മാറി.
ചടങ്ങില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പളും കുട്ടികളുടെ വിഭാഗം പ്രൊഫസറുമായ ഡോക്ടര്‍ ടി. പി അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഡോ. ടി.വി പത്മനാഭന് സ്വാഗതവും. കണ്‍വീനര്‍ ഡോ. പ്രവീണ്‍. കെ. അറോറ നന്ദിയും പറഞ്ഞു.
