ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബാള്‍ പരിശീലന കേന്ദ്രമായ ഓള്‍ ഇന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്റെ ഫിഫ ടാലന്റ് അക്കാദമിയിലേക്ക് നടക്കാവ് സ്വദേശി പ്രയാഗ് എസ് രാമന് സെലക്ഷന്‍

തൃക്കരിപ്പൂര്‍: ഇന്ത്യയിലെ മികച്ച ഫുട്ബാള്‍ പ്രതിഭകളെ കണ്ടെത്തി വിദഗ്ധ പരിശീലനം നല്‍കുന്ന ഓള്‍ ഇന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്റെ ഫിഫ ടാലന്റ് അക്കാദമിയിലേക്ക് കാസര്‍ഗോഡ് ജില്ലയിലെ നടക്കാവ് സ്വദേശി പ്രയാഗ് എസ് രാമന്‍ തിരഞ്ഞെടുക്കപ്പെട്ടു.തെലുങ്കാനയില്‍ വെച്ച് പതിനാറു ദിവസം നീണ്ടു നിന്ന സങ്കീര്‍ണ്ണമായ സെലക്ഷന്‍ ട്രയല്‍സില്‍ ഇന്ത്യയിലെ മികച്ച ഫുട്ബാള്‍ പ്രതിഭകളോട് മത്സരിച്ച് വിജയിച്ചാണ് ഈ മിടുക്കന്‍ ഈ വര്‍ഷത്തെ സെലക്ഷനില്‍ ഒന്നാമതെത്തിയത്. ദേശീയ തലത്തില്‍ നടത്തിയ സെലക്ഷന്‍ ട്രയല്‍സില്‍ നിന്ന് ഇത്തവണ ടാലന്റ് അക്കാദമിയിലേക്ക് പ്രവേശനം ലഭിച്ച ഏക മലയാളിയും പ്രയാഗാണ്. ഫുട്ബാള്‍ പരിശീലനത്തില്‍ കഠിനാധ്വാനിയായ പ്രയാഗിന് ഇത് അര്‍ഹതയ്ക്കുള്ള അംഗീകാരം കൂടിയാണ്. ഇത്തവണത്തെ സംസ്ഥാന ജൂനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെക്കന്റ് റണ്ണറപ്പായ കാസര്‍ഗോഡ് ജില്ലാ ടീമിന്റെ ഉപനായകനായിരുന്നു. കൂടാതെ ഈ വര്‍ഷത്തെ സംസ്ഥാന ജൂനിയര്‍ യൂത്ത് ലീഗ് ചാമ്പ്യന്‍ഷിപ്പ് , സംസ്ഥാന ജൂനിയര്‍ സുബ്രതോ കപ്പ് ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ ജേതാക്കളായ ടീമുകളുടെ വിജയങ്ങളില്‍ ഗോളടിച്ചും ഗോളിന് അസിസ്റ്റ് നല്‍കിയും നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മധ്യപ്രദേശില്‍ നടന്ന സബ് ജൂനിയര്‍ നാഷണല്‍ സ്‌കൂള്‍ ഗെയിംസില്‍ കേരള സംസ്ഥാന സ്‌കൂള്‍ ഫുട്ബാള്‍ ടീം വൈസ് ക്യാപ്റ്റന്‍, പഞ്ചാബില്‍ വെച്ചു നടന്ന സബ് ജൂനിയര്‍ നാഷണല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി ആദ്യ ഗോള്‍ നേടിയ താരം എന്നിങ്ങനെ നീളുന്നതാണ് ഈ മിടുക്കന്റെ കളിക്കളത്തിലെ മികവിന്റെ പട്ടിക . കാലിക്കടവിലും നടക്കാവിലും കുട്ടികള്‍ക്ക് സൗജന്യമായി പരിശീലനം നല്‍കുന്ന കാസര്‍ഗോഡ് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് വീരമണി ചെറുവത്തൂര്‍ ചെയര്‍മാനായ സാക്ക് കേരള ഫുട്ബാള്‍ അക്കാദമിയിലെ കോച്ചുമാരായ പി.കുഞ്ഞികൃഷ്ണന്‍ (മുന്‍ കേരളാ പോലീസ് ടീം പരിശീലകന്‍), കെ.വി ഗോപാലന്‍ ( ജില്ലാ ഫുട്ബാള്‍ കോച്ച്) സുമേഷ് കാലിക്കടവ്, ഷീബാ സുമേഷ്, ഷംശുദ്ധീന്‍ ഓണക്കുന്ന്, സജിന്‍ ചൂരികൊവ്വല്‍, വൈശാഖ് തടിയന്‍ കൊവ്വല്‍, ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കായികാദ്ധ്യാപകന്‍ മോഹനന്‍ പി , ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്‌കൂള്‍ കായികാദ്ധ്യാപകന്‍ ജയന്‍, നടക്കാവിലെ ഫിസിക്കല്‍ ട്രയിനറും നീന്തല്‍ പരിശീലകനുമായ പവിത്രന്‍, എന്നിവരുടെ ശിക്ഷണത്തിലാണ് പ്രയാഗ് മികച്ച കളിക്കാരനായി മാറിയത്.

കേരളാ ഫുട്ബാള്‍ അസോസിയേഷന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും കാസര്‍ഗോഡ് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് റഫീഖ് ടി.കെ.എം ,കാസര്‍ഗോഡ് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റും ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് മെമ്പറുമായ വീരമണി ചെറുവത്തൂര്‍, കാസര്‍ഗോഡ് ജില്ലാ റഫറീസ് അസോസിയേഷന്‍ ട്രഷറര്‍ സി.വി ശരത് എന്നിവരുടെ ഉപദേശ നിര്‍ദേശങ്ങളും പ്രയാഗിന്റെ ഈ വിജയങ്ങള്‍ക്ക് കരുത്തേകിയിട്ടുണ്ട്
ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പത്താം തരം വിദ്യാര്‍ത്ഥിയായിരുന്ന പ്രയാഗ് രണ്ട് മാസമായി സംസ്ഥാന യൂത്ത് ലീഗ് ചാമ്പ്യന്‍ഷിപ്പ്, സുബ്രതോ കപ്പ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് എന്നീ മത്സരങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറത്തെ മുത്തൂറ്റ് ഫുട്ബാള്‍ അക്കാദമിയില്‍ പരിശീലത്തിലാണുളളത്.നടക്കാവ് സ്വദേശി രാഗേഷ് തീര്‍ത്ഥങ്കരയുടേയും (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ചിറ്റാരിക്കാല്‍ ) ഷൈനി വിജയന്റെയും (പോസ്റ്റ് മാസ്റ്റര്‍, ഇളമ്പച്ചി ) മകനാണ്.
സഹോദരി രാകേന്ദു എസ് രാമന്‍ (പടന്നക്കാട് എസ്.എന്‍ ടി ടി ഐ വിദ്യാര്‍ത്ഥിനി )

 

error: Content is protected !!