അപകടഭീഷണിയായി റോഡരികിലെ കാടുകളും മരക്കൊമ്പുകളും; അടിയന്തര നടപടി വേണമെന്ന് സ്‌കൂള്‍ പി.ടി.എ

കരിന്തളം: റോഡരികില്‍ അപകടാവസ്ഥയില്‍ വളര്‍ന്നു കിടക്കുന്ന കാടുകളും മരച്ചില്ലകളും വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാകുന്ന സാഹചര്യത്തില്‍ അടിയന്തരമായി അവ നീക്കം ചെയ്യണമെന്ന് കുമ്പളപ്പള്ളി എസ്.കെ.ജി.എം എ യു.പി സ്‌കൂള്‍ പി.ടി.എ വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു.

സ്‌കൂളിലേക്കുള്ള പ്രധാന റോഡുകളിലും പരിസരങ്ങളിലും നിയന്ത്രണമില്ലാതെ വളര്‍ന്നുനില്‍ക്കുന്ന കാടുകളും റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരക്കൊമ്പുകളും ദിവസേന യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. മരക്കൊമ്പുകള്‍ തട്ടി വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുന്നതും സ്‌കൂള്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും പതിവായിരിക്കുകയാണ്. ചില ഭാഗങ്ങളില്‍ വാഹനങ്ങള്‍ക്ക് പരസ്പരം സൈഡ് നല്‍കാനോ സുരക്ഷിതമായി തിരിയാനോ പോലും കഴിയാത്ത സ്ഥിതിയാണുള്ളതെന്നും അധികൃതര്‍ അടിയന്തരമായി ഇടപെട്ട് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.
പി.ടി.എ പ്രസിഡന്റ് ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ.പി. ബൈജു ഉദ്ഘാടനം നിര്‍വഹിക്കുകയും പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് പി.വി. ഇന്ദുലേഖ വരവ്-ചെലവ് കണക്ക് അവതരിപ്പിച്ചു.

പി.ടി.എ കമ്മിറ്റിയില്‍ നിന്ന് ഒഴിവാകുന്ന വൈസ് പ്രസിഡന്റ് വാസു കരിന്തളത്തിന് ചടങ്ങില്‍ വെച്ച് ഉപഹാരം നല്‍കി. വാസു കരിന്തളം, എം.പി.ടി.എ പ്രസിഡന്റ് ജോസ്ലിന്‍ ബാനു, പി. അമൃത, ബൈജു കൂലോത്ത്, എ.വി. ബിജു എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. ബിനു സ്വാഗതവും കെ പ്രശാന്ത് നന്ദിയും പറഞ്ഞു. പുതിയ പി.ടി.എ ഭാരവാഹികളായി എ.വി. ബിജു (പ്രസിഡന്റ്), ബൈജു കൂലോത്ത് (വൈസ് പ്രസിഡന്റ്), ജോസ്ലിന്‍ ബിനു (എം.പി.ടി.എ പ്രസിഡന്റ്), രമ്യ സാജന്‍ (എം.പി.ടി.എ വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.

 

error: Content is protected !!