മാവുങ്കാല്‍: കുട്ടികള്‍ക്ക് ജല സുരക്ഷ ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് കല്ല്യാണ്‍റോഡ് കൈരളി കലാ കായിക നേതൃത്വത്തില്‍ നീന്തല്‍ പരിശീലന ക്യാമ്പ് ആരംഭിച്ചു. ബല്ലത്ത് കടയാകുളത്തില് നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന് ഓഫീസര്‍ ആദര്‍ശ് അശോകന് നിര്‍വഹിച്ചു. ജലാശയങ്ങളിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം അനിവാര്യമാണെന്നും, ഫയര്‍ഫോഴ്സിന്റെ പിന്തുണ എപ്പോഴും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് പ്രസിഡന്റ് ഉണ്ണിനീരൂക്കില് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രാജന് അത്തിക്കോത്ത്, അസിസ്റ്റന്റ് ഫയര്‍ ഫോഴ്സ് ഓഫീസര്‍ ഗണേശന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അഞ്ച് വയസ്സ് മുതല്‍ 12 വയസ്സ് വരെയുള്ള 30 കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. പരിശീലനത്തിന് യോഗ്യതയുള്ള പരിശീലകരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍. സുരക്ഷയ്ക്ക് ഫയര്‍ഫോഴ്സ് ജീവനക്കാരും ക്ലബ്ബ് അംഗങ്ങളും ഒപ്പമുണ്ടാകും.
ക്ലബ് സെക്രട്ടറി സനത് നാരായണന് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷിജു തട്ടില്‍ നന്ദിയും പറഞ്ഞു.
