യുക്രൈനില്‍ കൊല്ലപ്പെട്ട മര്‍ച്ചന്റ് നേവി ജീവനക്കാരന്‍ അഖില്‍ ജോയലിന്റെ വീട് ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു;  മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കും: ജില്ലാ കളക്ടര്‍

യുക്രൈന്‍ തീരത്ത് ചരക്കു കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട വെള്ളരിക്കുണ്ട് സ്വദേശി മര്‍ച്ചന്റ് നേവിയില്‍ ജോലി ചെയ്തിരുന്ന അഖില്‍ ജോയലിന്റെ വെള്ളരിക്കുണ്ട് എകെജി നഗറിലെ വീട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ട അഖിലിന്റെ മാതാപിതാക്കളായ ജോയല്‍, സാലി എന്നിവരേയും മറ്റു ബന്ധുക്കളേയും അനുശോചനം അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം മരണം സ്ഥിരീകരിച്ച് സന്ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാറും നോര്‍ക്കയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ നടപടികളും എത്രയും വേഗം സ്വീകരിക്കുന്നുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു . ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന വിവരങ്ങള്‍ വേഗത്തില്‍ ബന്ധുകള്‍ക്ക് ലഭ്യമാക്കും. അഖില്‍ ജോയിലിന്റെ മൃതദേഹം വിമാനത്തില്‍ നാട്ടിലേക്കും തുടര്‍ന്ന് വീട്ടിലേക്കും എത്തിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നുണ്ടെന്നും അഖിലിന്റെ കുടുംബത്തിന് അര്‍ഹമായ അനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാറുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവും പൂര്‍ണ സഹകരണം ഉറപ്പാക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ കെ.ബി രാമു മറ്റു റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരും കളക്ടറോടൊപ്പമുണ്ടായിരുന്നു.

 

error: Content is protected !!