പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (നാല്) ജഡ്ജി കെന്നത്ത് ജോര്‍ജാണ് ശിക്ഷ വിധിച്ചത്. 2025 ജനുവരി 27-ന് നെന്മാറ തിരുത്തംപാടം ബോയന്‍ ഉന്നതിയില്‍ സുധാകരന് (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതി ചെന്താമര (59) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം കോടതി തള്ളി. കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണെന്നും നേരിട്ട് കൊലപാതകം നടത്തുന്നത് നേരിട്ട് കണ്ട സാക്ഷിയില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം,കൊലപാതകങ്ങളില്പ്രതിക്ക് കുറ്റബോധമോ മാനസാന്തരത്തിന്റെ ലക്ഷണങ്ങളോ ഇല്ലെന്നും കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നും കോടതി പറഞ്ഞു.
മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ചെന്താമരയ്ക്ക് മാനസികപ്രശ്നങ്ങളൊന്നുമില്ല. ചെയ്ത കുറ്റം ചെന്താമര ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നും കോടതി നിരീക്ഷിച്ചു. അതേസമയം, കോടതിയെ അടക്കം ഭീഷണിപ്പെടുത്തുന്ന തരത്തിലായിരുന്നു കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ ശേഷമുള്ള ചെന്താമരയുടെ പ്രതികരണം. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോള്‍ ഒന്നും പറയാനില്ല എന്നായിരുന്നു ചെന്താമരയുടെ ആദ്യത്തെ പ്രതികരണം. പിന്നീടാണ് തൂക്കിലേറ്റിക്കോളൂ, മറ്റുള്ളവരേയും കൊല്ലും എന്നൊക്കെയുള്ള തരത്തില്‍ ഭീഷണി തുടങ്ങിയത്. ‘ഒരു ചെകിടത്തടിച്ചാല്‍ മറ്റേ ചെകിടും കാണിക്കാന്‍ ഞാന്‍
ഗാന്ധിജിയല്ലെന്നും എഴുതാന്‍ പറ്റുന്നത് എഴുതിക്കോ’ എന്നും ചെന്താമര പറഞ്ഞു. തനിക്ക് തടസ്സം നില്‍ക്കുന്നവരെയെല്ലാം ഇല്ലാതാക്കുമെന്നും പ്രതി കോടതിയില്‍ പറഞ്ഞു. 16-ന് കേസ് വീണ്ടും പരിഗണിച്ച കോടതി ശിക്ഷയില്‍ ഇളവുതേടിയുള്ള പ്രതിഭാഗം അഭിഭാഷകന്റെയും ശേഷം പബ്ലിക് പ്രോസിക്യൂട്ടറുടെയും വാദംകേട്ടു. ചെയ്ത തെറ്റില്‍ ഒട്ടും കുറ്റബോധമില്ലാത്ത ചെന്താമരയ്ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂട്ടര്‍ എം.ജെ. വിജയകുമാറിന്റെ വാദം. ചെന്താമരയ്ക്ക് മാനസാന്തരമുണ്ടെന്നും പരമാവധി
കുറഞ്ഞ ശിക്ഷ നല്‍കണമെന്നും ചെന്താമരയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന് ജേക്കബ് മാത്യു ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിക്ക് അശേഷം മാനസാന്തരമില്ലെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ കോടതി വിധിച്ചത്. ചെന്താമരയ്ക്ക് മാനസാന്തരം വരാനുള്ള സാധ്യതയുണ്ട് എന്നും ഇയാള്‍ ജയിലില്‍ ജോലി ചെയ്ത് ലഭിക്കുന്ന പണം സുധാകരന്റെ മക്കള്‍ക്ക് നല്‍കാമെന്നും അവര്‍ വാദിച്ചു.
ചെന്താമര ജീവനോടെയിരിക്കുന്നത് കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കളുടെ ജീവന് ഭീഷണിയാണ് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. 2019 ഓഗസ്റ്റ് 31-ന് ബോയന്‍ ഉന്നതിയില്‍ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇതേ കോടതി നേരത്തേ ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചതിനെത്തുടര്‍ന്ന്
ചെന്താമര ഇപ്പോള്‍ ജയിലിലാണ്. ഈ കേസ് നടക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയപ്പോഴാണ് മറ്റുരണ്ടുപേരെക്കൂടി ചെന്താമര കൊലപ്പെടുത്തിയത്. ഒന്നരവര്‍ഷം കഴിഞ്ഞാണ്
രണ്ടാമത്തെ കേസില്‍ ശിക്ഷവിധിച്ചത്.
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍
