തിരുവനന്തപുരം: കാപ്പ കേസില്‍ കരുതല്‍ തടങ്കലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതന്‍ വിയ്യൂര്‍ ജയിലില്‍വെച്ച് സത്യപ്രതിജ്ഞ ചെയ്തു.
വിയ്യൂര്‍ ജയില്‍ ലൈബ്രറി ഹാലില്‍ നടന്ന ചടങ്ങുകള്‍ അഞ്ച് മിനിറ്റ്നീണ്ടു. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം ഉദ്യോഗസ്ഥര്‍ സുഗതനെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെ 11-ന് ജയില്‍ സൂപ്രണ്ട് ഓഫീസില്‍ നടന്ന ചടങ്ങില്‍ മേയര്‍ വി.വി. രാജേഷും കോര്‍പ്പറേഷന്‍ സെക്രട്ടറിയും പങ്കെടുത്തു. ഇഷ്ടദൈവങ്ങളുടെ നാമത്തില്‍
സത്യപ്രതിജ്ഞ ചെയ്ത സുഗതനടക്കമുള്ള 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിവിധ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരില്‍ സുഗതന്‍ അടക്കമുള്ള 20 കൗണ്‍സിലര്‍മാ ര്‍ സത്യപ്രതിജ്ഞചെയ്തത് നിയമപരമല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി അസാധുവാക്കിയിരുന്നു. 19 കൗണ്‍സില ര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞചെയ്‌തെങ്കിലും സുഗതന് അതിനു കഴിഞ്ഞില്ല. നിശ്ചിത സമയത്തിനുള്ളില്‍ പുനഃസത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ അംഗത്വം നഷ്ടമാകുമെന്ന ഘട്ടത്തിലാണ് ബിജെപി കോടതിയെ സമീപിച്ചത്.
കാപ്പ നിയമപ്രകാരം കരുതല്‍ത്തടങ്കലില്‍ കഴിയുന്ന പ്രതിയെ പുറത്തുവിടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആര്‍. സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സൗകര്യമൊരുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.തൃശ്ശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സത്യപ്രതിജ്ഞയ്ക്ക് സൗകര്യം ഒരുക്കാമെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലും അറിയിച്ചു. മേയര്‍ വി.വി. രാജേഷിനും അനിവാര്യരായ ഉദ്യോഗസ്ഥര്‍ക്കും ജയിലിനുള്ളില്‍ പ്രവേശിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
