തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ വാളയാര്‍, കൊല്ലങ്കോട്, മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പോക്സോ കേസുകള്‍ താരതമ്യേന കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇതിനെക്കുറിച്ചന്വേഷിക്കാന്‍ എഐജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി. ജില്ലാ ജനജാഗരണ്‍സമിതി, ജില്ലാ വനിതാ സെല്‍, സഖി, ജില്ലാ ചൈല്‍ഡ് ആന്റ് വെല്‍ഫയര്‍ ഓഫീസര്‍, വനിതാ സംഘടനകളുടെ പ്രതിനിധി എന്നിവവരാണ് ഈ ടാസ്‌ക് ഫോഴ്സിലുണ്ടാവുക. പത്താം കേരളാ നിയമസഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ടിലും ഇത്തരത്തിലൊരു സമിതി രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന നിര്‍ദേശമുണ്ടായിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ച് മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിക്കണമെന്നാണ് ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഡിജിറ്റല്‍ യുഗത്തില്‍ സ്മാര്‍ട്ട് ഫോണുകളുടെയും മറ്റും വ്യാപകമായ ഉപയോഗം കുട്ടികളുടെ സ്വഭാവത്തിലും പ്രതികരണത്തിലും മാനസിക നിലയിലും വരുത്തുന്ന മാറ്റങ്ങളും വിവിധ സാമൂഹ്യ പശ്ചത്താലത്തിലുള്ള കുട്ടികളില്‍ ഇവയുടെ ഉപയോഗമുണ്ടാക്കുന്ന പ്രത്യാഘാതവും ടാസ്‌ക് ഫോഴ്സിന്റെ അന്വേഷണ പരിധിയില്‍ വരും. വാളയാര്‍ പോലുള്ള പ്രദേശങ്ങള്‍ വ്യാവസായിക മേഖലക്ക് അടുത്തായതിനാല്‍ മാതാപിതാക്കള്‍ കുട്ടികളെ വീട്ടില്‍ തനിച്ചാക്കി ജോലിക്കുപോകുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. ഡിജിറ്റല്‍ കാലഘട്ടത്തില്‍ കുട്ടികല്‍ കൂടുതലായി സ്മാര്‍ട്ട് ഫോണുകളെയും മറ്റും ആശ്രയിക്കുന്ന നിലയുണ്ടാകുന്നതും അത് അവരുടെ സ്വഭാവത്തിലും ജീവിത
സാഹചര്യങ്ങളിലുമുണ്ടാക്കുന്ന മാറ്റങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും . കുട്ടികള്‍ക്കെതിരെ നടക്കുന്ന ഇത്തരം ചൂഷണങ്ങള്‍ തടയാന്‍ പൊലീസിനെക്കൂടാതെ വിദ്യാഭ്യാസ- ആരോഗ്യ- സാമൂഹ്യ ക്ഷേമ- പി ആര്‍ഡി വകുപ്പുകളുടെ സംഘടിതമായ പരിശ്രമം വേണമെന്ന ചിന്തയിലാണ് ഇത്തരത്തിലൊരു ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയത്. ബോധവല്‍ക്കരണം, മനശാസ്ത്ര കൗണ്‍സിലിങ്, മനശാസ്ത്രപരമായി കുട്ടികള്‍ക്ക് നല്‍കുന്ന പിന്തുണ, കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള മറ്റുമാര്‍ഗങ്ങള്‍ ഇവയെല്ലാം ഈ റിപ്പോര്‍ട്ടിലുണ്ടാകും.
