നീലേശ്വരത്ത് ലഹരിക്കെതിരെ ‘ഓപ്പറേഷന്‍ തൂഫാന്‍’: പ്രതിരോധ മനുഷ്യചങ്ങല തീര്‍ത്ത് ജനമൈത്രി പോലീസ്

നീലേശ്വരം:നീലേശ്വരം ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവരുടെയെല്ലാം സംയുക്താഭിമുഖ്യത്തില്‍ ഏകദേശം രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നീലേശ്വരത്ത് ഓപ്പറേഷന്‍ തൂഫാന്‍ പ്രതിരോധ ചങ്ങല സംഘടിപ്പിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചാരണത്തിന്റെ ഭാഗമായാണ് നീലേശ്വരം ജനമൈത്രി പോലീസ് തൂഫാന്‍ പ്രതിരോധ ചങ്ങല തീര്‍ത്തത്. തൂഫാന്‍ പ്രതിരോധചങ്ങല ശ്രദ്ധേയവും ഏവരുടെയും പ്രശംസ പിടിച്ചു പറ്റുന്നതുമായിരുന്നു. ലഹരിക്കെതിരെയുള്ള പ്രതിരോധത്തില്‍ കണ്ണികളായി ജനപ്രതിനിധികള്‍,രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ,ക്ലബ്ബ് – വായനശാലകള്‍ , വ്യാപാരികള്‍, എസ് പി സി , സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, റെഡ് ക്രോസ്സ്, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കാളികളായി. നീലേശ്വരം കോണ്‍വെന്റ് ജങ്ഷന്‍ മുതല്‍ ബസ്സ്റ്റാന്‍ഡ് വരെ യാണ് ലഹരിക്കെതിരെ തൂഫാന്‍ പ്രതിരോധ ചങ്ങല തീര്‍ത്തത്. നീലേശ്വരം കോണ്‍വെന്റ് ജങ്ഷനില്‍ പ്രതിരോധ ചങ്ങലയുടെ ആദ്യ കണ്ണിയായി നീലേശ്വരം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി പി മുഹമ്മദ് റാഫിയും നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍ അവസാന കണ്ണിയായി കൗണ്‍സിലര്‍ ഇ ഷജീറും അണിനിരന്നു . തുടര്‍ന്ന് ചിത്രകാരന്‍ ശ്യാമ ശശിയും മകനായ ശ്യാം പ്രസാദും ക്യാന്‍വസില്‍ ലഹരി വിരുദ്ധ ചിത്രങ്ങള്‍ വരച്ചു. നീലേശ്വരം വായന ക്ലബ്ബ് അംഗങ്ങളായ വാസുദേവന്‍ നമ്പൂതിരി, ഗിരിധര്‍ എന്നിവര്‍ ലഹരി വിരുദ്ധ കവിതകള്‍ അവതരിപ്പിച്ചു. ജിഎച്ച്എസ്എസ് മേക്കാട്ട്, ജി എച്ച് എസ് എസ് കക്കാട്ട്, ജി എച്ച് എസ് എസ് ചായ്യോത്ത് എന്നിവിടങ്ങളിലെ എസ് പി സി കുട്ടികളും നീലേശ്വരം രാജാസിലെ എന്‍എസ്എസ്, എന്‍ സി സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ്, ലിറ്റില്‍ കൈറ്റ്‌സ് വിദ്യാര്‍ത്ഥികളും പങ്കെടുത്തു .
ചായ്യോത്ത് സ്‌കൂളിലെ എസ് പി സി വിദ്യാര്‍ത്ഥികള്‍ നാസിക്ക് ബാന്റും ഫ്‌ലാഷ് മോബും, ജി എച്ച് എസ് എസ് കക്കാട്ടിലെ എസ് പി സി കുട്ടികള്‍ ഫ്‌ലാഷ് മോബും അവതരിപ്പിച്ചു. നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍ വെച്ച് നടന്ന പരിപാടിയുടെ സമാപനത്തിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് ഡി വൈ എസ് പി സുരേഷ് ബാബു കെ പി നിര്‍വഹിച്ചു. നീലേശ്വരം ഇന്‍സ്‌പെക്ടര്‍ കെ,മുരളീധരന്‍,സബ് ഇന്‍സ്പെക്ടര്‍മാരായ ജി ജിഷ്ണു , കെ വി പ്രകാശന്‍, കെ വി രതീശന്‍ , എ വി ശ്രീകുമാര്‍ , പി സുഗുണന്‍ ,എസ് പി ജി കോര്‍ഡിനേറ്റര്‍ എസ് ഐ രാജേഷ് കുമാര്‍ ടിവി എന്നിവര്‍ സംസാരിച്ചു. ദിലീഷ് കുമാര്‍ പള്ളിക്കൈ നന്ദി പറഞ്ഞു.

 

error: Content is protected !!