അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്ഷകനായ സമീര്‍ മാഷിന് ആദരം

കാഞ്ഞങ്ങാട്: റോഡപകടങ്ങളില്‍പ്പെട്ടവരെ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ കാഞ്ഞങ്ങാട് സൗത്ത് വി.എച്ച്.എസ്.എസ് അധ്യാപകന്‍ സമീര്‍ സിദ്ദീഖിയെ കാസര്‍കോട് ട്രോമ കെയര്‍ വോളണ്ടിയര്‍മാരുടെ സംഗമത്തില്‍ വച്ച് ആദരിച്ചു. മുന്‍ ഡി ജി പി ഋഷിരാജ് സിംഗ് ആണ് ഉപഹാരം സമ്മാനിച്ചത്.

മുവാറ്റുപുഴയ്ക്ക് സമീപം വച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ടൂ വീലറില്‍ അമിത വേഗത്തിലും അലക്ഷ്യമായും യാത്ര ചെയ്യുന്നതിനിടെ എതിരെ വന്ന കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായി. റോഡിന്റെ ഇരുവശത്തേക്കും തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ച് കിടന്ന വിദ്യാര്‍ത്ഥികളെ ആരും ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറാകാതെ നോക്കിനില്‍ക്കുകയായിരുന്നു. ആ വഴി സ്വന്തം കാറില്‍ വരികയായിരുന്ന അധ്യാപകന്‍ സമീര്‍ സിദ്ദീഖി ഉടന്‍ വാഹനം നിര്‍ത്തി, പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കാറില്‍ കയറ്റി മൂവാറ്റുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ ഉറപ്പാക്കി. അദ്ദേഹത്തിന്റെ സമയോചിത ഇടപെടല്‍ രണ്ട് ജീവനുകളാണ് രക്ഷിച്ചത്.

ഈസ്റ്റ് മാറാടി സ്‌കൂളിന് സമീപം നടന്ന മറ്റൊരു ഇരുചക്ര വാഹന അപകടത്തില്‍ ബധിരനും മൂകനുമായ അനു എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. വിവരം അറിഞ്ഞെത്തിയ സമീര്‍ സിദ്ദീഖി യുവാവിനെ തന്റെ കാറില്‍ കയറ്റി തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. തുടര്‍ച്ചയായി രണ്ട് അപകടങ്ങളില്‍ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തിയ അധ്യാപകന്റെ മനുഷ്യത്വപരമായ പ്രവര്‍ത്തനത്തെ മാനിച്ചാണ് കാസര്‍കോട് ട്രോമ കെയര്‍ യൂണിറ്റ് ആദരിച്ചത്. ‘അപകടം നടന്നാല്‍ കാഴ്ചക്കാരാകാതെ ഇടപെടാന്‍ ഓരോരുത്തരും തയ്യാറാകണം. ഒരു ജീവന്‍ രക്ഷിക്കുന്നത് ഒരു ലോകത്തെ രക്ഷിക്കുന്നതിന് തുല്യമാണ്’ എന്ന് ഉപഹാര സമര്‍പ്പണ വേളയില്‍ ഋഷിരാജ് സിംഗ് പറഞ്ഞു.

അധ്യാപകനായ സമീര്‍ സിദ്ദീഖിയുടെ സേവന സന്നദ്ധതയെ ട്രാക്ക് പ്രസിഡന്റ് എം കെ രാധാകൃഷ്ണന്‍ , സെക്രട്ടറി വി വേണുഗോപാല്‍ , സ്‌കൂള്‍ പി.ടി.എ, സ്റ്റാഫ് കൗണ്‍സില്‍, എന്‍ എസ് എസ് യൂണിറ്റംഗങ്ങള്‍ എന്നിവര്‍ അഭിനന്ദിച്ചു.

 

error: Content is protected !!