കാഞ്ഞങ്ങാട്: കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര തുടങ്ങിയതോടെ സ്വകാര്യ ബസ് വ്യവസായം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. പ്രധാന റൂട്ടുകളിലും സ്വകാര്യ ബസുകളുടെ മുന്നിലും പിന്നിലും കെഎസ്ആര്‍ടിസി ബസുകള്‍ ഓടുമ്പോള്‍ സ്ത്രീകള്‍ കൂട്ടത്തോടെ കെഎസ്ആര്‍ടിസി ബസില്‍ കയറാന്‍ തുടങ്ങിയതോടെ വരുമാനത്തില്‍ വന്‍ ഇടിവാണ് സ്വകാര്യ ബസ് മേഖലയില്‍ സംഭവിച്ചിരിക്കുന്നത്.
സ്‌കൂള്‍ കുട്ടികളുടെ കണ്‍സഷന്‍ മുഖേന കിട്ടിയിരുന്ന വരുമാനം പോലും ബസുകള്‍ക്ക് ഇല്ലാതായി.
സ്വകാര്യ ബസ്സുകള്‍ പ്രതിദിനം ആയിരം മുതല്‍ 5000 രൂപ വരെ നഷ്ടത്തിലാണ് ഓടുന്നത് . ജൂണ്‍ 15 മുതല്‍ സ്വകാര്യ ബസ് തൊഴിലാളികളുടെ ശമ്പളം മുടങ്ങിയ അവസ്ഥയിലാണ്. ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്വകാര്യ ബസ് തൊഴിലാളി മേഖല സംരക്ഷിക്കണമെന്നും ഇല്ലെങ്കില്‍ തൊഴിലാളികള്‍ക്ക് മുമ്പില്‍ ആത്മഹത്യയെ വഴിയുള്ളൂയെന്നും ബിഎംഎസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് നടന്ന പ്രതിഷേധ സമരം ബിഎംഎസ് ജില്ലാ സെക്രട്ടറി കെ വി ബാബു ഉദ്ഘാടനം ചെയ്തു. ബസ് ആന്റ് ഹെവി വെഹിക്കിള്‍ സംഘം ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് ജയേഷ് കാരക്കോട് അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സുധീഷ് പുതിയകണ്ടം, ബിഎംഎസ് മേഖലാ പ്രസിഡന്റ് ഭാസ്‌കരന്‍ ചെമ്പിലോട്ട് , രാജേഷ് കടപ്പുറം,രതീഷ് മല്ലം, എം കെ .വിജേഷ്, രാഗേഷ് കാസര്‍കോട്, എന്നിവര്‍ സംസാരിച്ചു, യൂണിയന്‍ മേഖല സെക്രട്ടറിമരായ അനിഷ് ഉദുമ സ്വാഗതവും , അജയന്‍ പുതിയകണ്ടം നന്ദിയും പറഞ്ഞു.
