ഇന്ന് അന്താരാഷ്ട്ര യോഗ ദിനം: കേരളത്തിന്റെ അഭിമാനമായി ആവണി രാകേഷ്

ബാബു കോട്ടപ്പാറ

 

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര യോഗ ദിനത്തില്‍ കേരളം അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടുന്ന പേരാണ് ആവണി രാകേഷ്. അഞ്ചാം വയസ്സില്‍ വീട്ടിലെ അടുക്കളത്തിണ്ണയില്‍ അമ്മ ശിവാഞ്ജനയ്ക്ക് ഒപ്പം തുടങ്ങിയ യോഗ പരിശീലനം, ഇന്ന് അവണിയെ സംസ്ഥാനം അറിയുന്ന ബഹുമുഖ പ്രതിഭയാക്കി മാറ്റിയിരിക്കുന്നു.
കാഞ്ഞങ്ങാട് സ്വാമി രാംദാസ് സരസ്വതി വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അവണി, മൂന്നാം ക്ലാസ് മുതല്‍ സ്‌കൂളിലെ യോഗ പരിശീലക മായ ടീച്ചറുടെ കീഴിലാണ് യോഗ അഭ്യസിക്കുന്നത്. സ്‌കൂള്‍തലം മുതല്‍ ജില്ലാ, സംസ്ഥാന മത്സരങ്ങളില്‍ വരെ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ഈ കൊച്ചുമിടുക്കി, ഫ്‌ലവേഴ്‌സ് ടിവിയിലെ ‘യോഗ ഡാന്‍സ്’ വേദിയിലൂടെ ജഡ്ജിമാരുടെയും കാണികളുടെയും കയ്യടി നേടി.

 

വെള്ളിത്തിരയിലും വൈറല്‍ താരം

യോഗയില്‍ മാത്രം ഒതുങ്ങുന്നതല്ല അവണിയുടെ മികവ്. അഭിനയത്തിലും നൃത്തത്തിലും ചിത്രരചനയിലും സംഗീതത്തിലും മാര്‍ഷ്യല്‍ ആര്‍ട്‌സിലും ഒരുപോലെ കഴിവ് തെളിയിച്ച അവണി കേന്ദ്ര കഥാപാത്രമായി അഭിനയിച്ച കുറിഞ്ഞി എന്ന സിനിമയിലെ അഭിനയത്തിന്
മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരങ്ങളും ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരമാണ് ഈ എട്ടാം ക്ലാസുകാരി. ഫേസ്ബുക്കില്‍ മില്യണിലധികം ഫോളോവേഴ്‌സും, യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും വലിയ ഫാന്‍ ബേസും അവണിക്കുണ്ട്.

കലാതിലകം നാല് തവണ

കലോത്സവ വേദികളിലെ നിറസാന്നിധ്യമായ അവണി ഇതിനോടകം നാല് തവണ ‘കലാതിലകം’ പട്ടം സ്വന്തമാക്കി. എഴുത്തിലും ചിത്രം വരയിലും പാട്ടിലും മിടുക്കിയായ അവണിക്ക് കരുത്തായി അച്ഛന്‍ രാഗേഷും അമ്മ ശിവാഞ്ജനയും അനുജന്‍ ശിവകേദാറും ഒപ്പമുണ്ട്. കാഞ്ഞങ്ങാട് അഞ്ചാംവയല്‍ വീട്ടില്‍ കലയും യോഗയും നിറഞ്ഞ സന്തോഷകരമായ ജീവിതമാണ് അവണിയുടേത്.
‘യോഗ എന്റെ ശ്വാസമാണ്. പഠനത്തിനും ഡാന്‍സിനും അഭിനയത്തിനും എല്ലാം ഊര്‍ജ്ജം തരുന്നത് യോഗയാണ്’ എന്ന് അവണി പറയുന്നു. അന്താരാഷ്ട്ര യോഗ ദിനത്തില്‍ കേരളത്തിലെ കുട്ടികള്‍ക്ക് മാതൃകയായി മാറുകയാണ് ഈ കൊച്ചുമിടുക്കി.
പ്രകമ്പനം സിനിമയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളത്തില്‍ രണ്ട് ചിത്രങ്ങള്‍ കൂടി ഉടന്‍ പുറത്തു വരാറുണ്ട്.

 

error: Content is protected !!