സര്‍വീസ് റോഡ്, ഓവുചാല്‍ നിര്‍മ്മാണത്തിലെ മെല്ലെപ്പോക്ക്: ജൂണ്‍ 22-നകം പണികള്‍ തീര്‍ക്കാന്‍ ആര്‍.ഡി.ഒ.യുടെ കര്‍ശന നിര്‍ദ്ദേശം; ജൂണ്‍ 20-ന് അവലോകന യോഗം

നീലേശ്വരം: പ്രദേശത്തെ സര്‍വീസ് റോഡിന്റെയും ഓവുചാലിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ മെല്ലെപ്പോക്കിനെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണാന്‍ ആര്‍.ഡി.ഒ മനോജ് കെ.ആറിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ആര്‍.ഡി.ഒ.യുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ മേഘ കണ്‍സ്ട്രക്ഷന്‍ പ്രതിനിധികളും ജനകീയ സമര സമിതി ഭാരവാഹികളും പങ്കെടുത്തു. മുന്‍പ് തീരുമാനിച്ചതുപ്രകാരം ജൂണ്‍ 22-നകം നിര്‍ദ്ദിഷ്ട പണികളെല്ലാം പൂര്‍ത്തിയാക്കണമെന്നും, ഇതിന്റെ പുരോഗതി വിലയിരുത്താന്‍ ജൂണ്‍ 20-ന് വീണ്ടുമൊരു അവലോകന യോഗം ചേരുമെന്നും ആര്‍.ഡി.ഒ വ്യക്തമാക്കി.മാര്‍ക്കറ്റ് ജംഗ്ഷനില്‍ അശാസ്ത്രീയമായി ജില്ലിപ്പൊടിയിട്ട് കുഴികള്‍ നികത്തിയത് കാരണം കടുത്ത പൊടിശല്യത്താല്‍ ജനജീവിതം ദുസ്സഹമായ അവസ്ഥ സമരസമിതി ചൂണ്ടിക്കാട്ടി. ഇതിന് അടിയന്തര നടപടിയായി ഇന്ന് വൈകുന്നേരത്തിനുള്ളില്‍ തന്നെ ഈ ഭാഗത്തെ ടാറിംഗ് ജോലി പൂര്‍ത്തിയാക്കാന്‍ ആര്‍.ഡി.ഒ ആവശ്യപ്പെട്ടു.
രാജാ റോഡ് മുതല്‍ പോലീസ് സ്റ്റേഷന്‍ വരെയുള്ള ഡ്രെയിനേജ് പണിയില്‍, വീണ്ടും രണ്ടാമതൊരു ഇലക്ട്രിക് പോസ്റ്റിന് സമീപം ഓവുചാല്‍ വളച്ചുകൊണ്ട് നിര്‍മ്മിക്കുന്നതിന്റെ തെളിവുകള്‍ സമരസമിതി നിരത്തി. ഈ അപാകത എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
പോലീസ് സ്റ്റേഷന് സമീപമുള്ള അണ്ടര്‍പാസിനടുത്തുള്ള സര്‍വീസ് റോഡില്‍, സ്ലാബ് പൊട്ടിയിട്ട് രണ്ട് മാസമായിട്ടും മാറ്റമില്ലാതെ തുടരുന്ന അവസ്ഥ ജനകീയ സമര സമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇതിന് ഇന്ന് വൈകുന്നേരത്തിനകം പരിഹാരം കാണണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ ദിവസം തെരു റോഡില്‍ വലിയ ലോറി തട്ടി വൈദ്യുത കമ്പി പൊട്ടി വീണ് വലിയ അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സര്‍വീസ് റോഡിന്റെയും ഓവുചാലിന്റെയും പണി എത്രയും വേഗം തീര്‍ത്ത് ആവശ്യമായ ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആര്‍.ഡി.ഒ ആവശ്യപ്പെട്ടു. പണികളുടെ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിനായി ഇന്ന് വൈകുന്നേരം 4 മണിക്ക് ആര്‍.ഡി.ഒ സ്ഥലം സന്ദര്‍ശിക്കും.
ചര്‍ച്ചയില്‍ ജനകീയ സമര സമിതിയെ പ്രതിനിധീകരിച്ച് ശ്രീനാഥ് ശശി ടി.സി.വി., ഡി. രാജന്‍, മഹമ്മൂദ് കോട്ടായി, പ്രകാശന്‍ കൊട്ടറ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. എന്നാല്‍, ജനകീയ സമര സമിതി പ്രതിനിധികളോടൊപ്പം ചര്‍ച്ചയ്ക്ക് ഇരിക്കാന്‍ സാധിക്കില്ലയെന്ന് വ്യക്തമാക്കി മുനിസിപ്പാലിറ്റി ചെയര്‍മാനും കര്‍മ്മസമിതി അംഗങ്ങളും യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.
പണികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാത്ത പക്ഷം കര്‍ശന നടപടികളിലേക്ക് കടക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

 

error: Content is protected !!