കാസര്‍കോട് സിവില്‍ സ്‌റ്റേഷന്‍ നിലവില്‍ വന്ന സമയത്ത് കാട്ടുപുല്ലുകള്‍ മാത്രം വളരുന്ന കൊട്ടപ്പാറയായിരുന്ന
പ്രദേശം ഇന്നത്തെ തലമുറയ്ക്ക് അറിയണമെന്നില്ല.2013ല്‍ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാര്‍ കലക്ടറില്‍ നിന്ന സമ്മതം വാങ്ങി തങ്ങളുടെ ഓഫീസിന്റെ മുന്‍വശത്തുള്ള 60 സെന്റ് പാറയില്‍ കാട്ടുവൃക്ഷങ്ങളും ഫലവൃക്ഷങ്ങളും വെച്ച് പിടിപ്പിച്ചു. അതിനെ വെള്ളമൊഴിച്ചും പരിചരിച്ചും വളര്‍ത്തിയപ്പോള്‍ ‘നിസര്‍ഗ്ഗ’ എന്ന സൗഹൃദക്കൂട്ടായ്മയും ബലപ്പെട്ടു. വകുപ്പിലെ റിട്ടയര്‍ ചെയ്ത മുന്‍കാല ഉദ്യോഗസ്ഥര്‍ മുതല്‍ ഇപ്പോഴത്തെ പുതിയ ജീവനക്കാര്‍ വരെ ‘നിസര്‍ഗ’ യുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്.
നിസര്‍ഗ്ഗയുടെ ശ്രമങ്ങള്‍ ഇന്ന് തണലും കുളിര്‍മയും കുടിവെള്ളവും ശുദ്ധവായുവും മധുരഫലങ്ങളും നല്‍കുന്ന പച്ചത്തുരുത്തായി മാറി. ഈ പാതയില്‍ മറ്റ് വകുപ്പുകളും നീങ്ങിയപ്പോള്‍ ആണ് ഇന്ന് കാണുന്ന നിബിഡമല്ലെങ്കിലും ചെറുചെറു പച്ചത്തുരുത്തുകളുള്ള സിവില്‍ സ്‌റ്റേഷന്‍ കോമ്പൗണ്ടായി മാറിയത്.
നിസര്‍ഗ്ഗയുടെ ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണം പുതിയ തൈകള്‍ നട്ടുകൊണ്ട് എ.ഡി.എം. ശ്രുതി കെ വി ഉദ്ഘാടനം ചെയ്തു. വരുന്ന തലമുറയ്ക്ക് നാം കരുതി വെക്കേണ്ട അമൂല്യ വരദാനമാണ് പ്രകൃതി എന്നും പ്രകൃതിക്ക് കോട്ടം തട്ടുന്ന ഒന്നും ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ല എന്നും മരം വെച്ചുപിടിപ്പിക്കുന്നത് മാത്രമല്ല പ്രകൃതി സംരക്ഷണം എന്നും മറ്റു മാര്‍ഗ്ഗങ്ങള്‍ കൂടി പ്രകൃതിയെ സംരക്ഷിക്കുന്നതിന് നമ്മള്‍ എടുക്കേണ്ടതുണ്ടെന്നും എ.ഡി.എം. അഭിപ്രായപ്പെട്ടു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി വി പ്രകാശ് പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടര്‍ പ്രമോദ് പി.വി.നിസര്‍ഗ്ഗ സെക്രട്ടറി എ. ബാബു എന്നിവര്‍ സംസാരിച്ചു. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിലെ ജില്ലയിലെ ജീവനക്കാര്‍ തൈകള്‍ നട്ടുപിടിപ്പിക്കുന്നതില്‍ പങ്കെടുത്തു. രാമചന്ദ്രന്‍ നന്ദി പറഞ്ഞു
