കാസര്‍കോട്: കുട്ടികള്‍ കളിക്കുന്നതിനിടയില്‍ പറമ്പില്‍ വീണ ഫുട്‌ബോള്‍ തിരിച്ചു ചോദിക്കാന്‍ ചെന്നയാളെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് രണ്ട് വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ. കടമ്പള ദുര്‍ഗ്ഗ നിവാസില്‍ താമസിക്കുന്ന രാമകൃഷ്ണന്‍. U (66) എന്നയാളെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി അചിന്ത്യ രാജ് ഉണ്ണി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ ആറുമാസം അധിക തടവ് അനുഭവിക്കണം.
2021 മേയ് 28ന് വൈകിട്ട് ബേള ഗ്രാമത്തിലെ കടമ്പളയിലാണ് സംഭവം നടന്നത്. കുട്ടികളുടെ ഫുട്‌ബോള്‍ പ്രതി എടുത്തുവെച്ചത് ചോദിക്കാനെത്തിയ അബ്ദുല്‍ കരീം എന്നയാളെ പ്രതി ചീത്തവിളിക്കുകയും വാക്കത്തി ഉപയോഗിച്ച് വലതുകൈ വിരലിന് വെട്ടുകയുമായിരുന്നു. തുടര്‍ന്ന് കഴുത്തിന് വെട്ടാന്‍ ശ്രമിച്ചപ്പോള്‍ തടയുന്നതിനിടയില്‍ അബ്ദുല്‍ കരീമിന്റെ ഇടതുകൈക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ത്യന്‍ ശിക്ഷാ നിയമം 324, 326, 308, 294(ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ബദിയടുക്ക സബ് ഇന്‍സ്‌പെക്ടറായിരുന്ന സുമേഷ് ബാബുവാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനായി അഡീഷണല്‍ ഗവ. പ്ലീഡര്‍ പി.സതീശന്‍ പി., അഡ്വ. അമ്പിളി കെ. എന്നിവര്‍ ഹാജരായി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പ്രതി രാമകൃഷ്ണന്‍ അബ്ദുല്‍ കരീമിനെതിരെ നല്‍കിയ സ്വകാര്യ പരാതിയിലുള്ള കേസില്‍ അബ്ദുല്‍ കരീം കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി അദ്ദേഹത്തെ വെറുതെ വിട്ടു.
