തൃക്കരിപ്പൂര്‍: ജനസൗഹൃദ പോലീസ് പ്രവര്‍ത്തനത്തിന്റെ മുഖമായി മാറുകയും കാസര്‍കോട് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ( എസ് പി സി) പദ്ധതിയെ സംസ്ഥാനത്തെ മികച്ച ജില്ലയായി രണ്ടുതവണ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ നിര്‍ണായക നേതൃത്വം നല്‍കുകയും ചെയ്ത ടി. തമ്പാന് മെയ് 31ന് പോലീസ് സേവനത്തില്‍ നിന്ന് വിരമിക്കുന്നു.
1998ല്‍ പോലീസ് സര്‍വീസില്‍ പ്രവേശിച്ച തമ്പാന്, ബേക്കല്‍ ടൂറിസം പോലീസ്, ചന്തേര പോലീസ് സ്റ്റേഷന്, ബദിയടുക്ക പോലീസ് സ്റ്റേഷന്, കാസര്‍കോട് സി.ഐ ഓഫീസ്, വിദ്യാനഗര്‍ സി.ഐ ഓഫീസ്, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് തുടങ്ങി വിവിധ മേഖലകളില്‍ ഉത്തരവാദിത്വത്തോടെയും ആത്മാര്‍ഥതയോടെയും സേവനമനുഷ്ഠിച്ചു.
കോവിഡ് മഹാമാരിയുടെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തില്‍ ചന്തേര പോലീസ് സ്റ്റേഷന് പരിധിയിലെ വിവിധ പഞ്ചായത്തുകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. പൊതുജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുകയും സഹായ–സഹകരണ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായി മാറുകയും ചെയ്ത അദ്ദേഹം, സമൂഹത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ ശ്രദ്ധേയ പങ്കുവഹിച്ചു.
ചന്തേര പോലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷന്‍സ് ഓഫീസറായി പ്രവര്‍ത്തിച്ച കാലത്ത് ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് കേട്ട് പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തി പോലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വിശ്വാസപൂര്ണവും സൗഹൃദപരവുമാക്കി.2023 മുതല്‍ കാസര്‍കോട് ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ് പി സി) പദ്ധതിയുടെ ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറായി പ്രവര്‍ത്തിച്ചുവരുന്ന തമ്പാന്, യുവതലമുറയില്‍ നിയമാനുസരണബോധവും സാമൂഹിക ഉത്തരവാദിത്വവും വളര്‍ത്തുന്നതില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്കി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ക്യാമ്പില്‍ കാസര്‍കോട് എസ്.പി.സി. രണ്ടുതവണ സംസ്ഥാനത്തെ മികച്ച ജില്ലയായി തെരഞ്ഞെടുക്കപ്പെട്ടത് ജില്ലയിലെ പോലീസ്–വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ അഭിമാന നേട്ടമായി.
പോലീസ് സേവനത്തോടൊപ്പം ചൂരിക്കാടന്‍ കൃഷ്ണന് നായര്‍ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. വൈക്കത്ത് പ്രദേശത്തെ സാമൂഹിക–സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ് തമ്പാന്. ഭാര്യ: പി കെ. ഷീജ വൈക്കത്ത് ക്ഷീര വികസന സഹകരണ സംഘത്തിന്റെ സെക്രട്ടറിയാണ്. മക്കളായ പി.കെ.നന്ദന അധ്യാപക വിദ്യാര്‍ത്ഥിനിയും നമ്രത പി.കെ. കണ്ണൂരിലെ എ.കെ.ജി. ആശുപത്രിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുമാണ്.
