വിശ്വമാനവികതയും ഐക്യവും ഉയര്‍ത്തിപ്പിടിക്കണം: കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന്റെ പെരുന്നാള്‍ സന്ദേശം

കാഞ്ഞങ്ങാട്: വിശ്വമാനവികതയുടെ മഹാ സന്ദേശം മുഴക്കി പരിശുദ്ധ മക്കയില്‍ ഹജ്ജ് കര്‍മ്മത്തോടനുബന്ധിച്ചുള്ള അറഫാ സന്ദേശം മുഴങ്ങിക്കഴിഞ്ഞ പശ്ചാത്തലത്തില്‍, എല്ലാവിധ വൈജാത്യങ്ങള്‍ക്കുമപ്പുറത്ത് മാനുഷികതയുടെ ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശം മുഴക്കുന്നതാകണം ഈ ബലിപെരുന്നാള്‍ എന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഭാരവാഹികള്‍ ആഹ്വാനം ചെയ്തു. ഇബ്രാഹിമീ ത്യാഗത്തിന്റെ അനശ്വര സ്മരണകളുമായി ബലിപെരുന്നാള്‍ ആഘോഷിക്കുന്ന വേളയിലാണ് ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രസിഡന്റ് ഇന്‍ ചാര്‍ജ് മുബാറക് ഹസൈനാര്‍ ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, ട്രഷറര്‍ എം.കെ. അബൂബക്കര്‍ ഹാജി എന്നിവര്‍ സംയുക്തമായി പെരുന്നാള്‍ സന്ദേശം നല്‍കിയത്.
ലോകമെങ്ങും മനുഷ്യരെ പരസ്പരം അകറ്റാനും വിദ്വേഷത്തിന്റെ കനലുകള്‍ ഊതി വീര്‍പ്പിക്കാനും യുദ്ധങ്ങളിലേക്കും ഉന്മൂലനങ്ങളിലേക്കും നയിക്കാനുമുള്ള ത്വര ശക്തിപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ഭാരവാഹികള്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. അധികാര മോഹത്താലും സ്വാര്‍ത്ഥ താല്‍പര്യത്താലും നയിക്കപ്പെടുന്ന തിന്മയുടെ ശക്തികള്‍ നുണ ബോംബുകള്‍ വര്‍ഷിച്ച് മാനവ മനസ്സുകളെ വിഭജിച്ചുകൊണ്ടിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ ഒരേ മാതാപിതാക്കളുടെ മക്കളായി ഭൂമുഖത്ത് പിറന്നുവീണ, ഏകനായ ദൈവത്തിന്റെ അടിമകളായ മനുഷ്യര്‍ എന്ന നിലയ്ക്ക് പ്രപഞ്ചത്തിലെ എല്ലാ മതങ്ങളും വിശ്വാസങ്ങളും പകര്‍ന്നേകുന്ന ഏകത്വത്തിന്റെയും ബന്ധുത്വത്തിന്റെയും ചരടുകള്‍ നമ്മള്‍ പരസ്പരം ചേര്‍ത്തുവെക്കേണ്ടതുണ്ടെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. ‘അകലാനുള്ള ആഹ്വാനങ്ങളല്ല, അടുക്കാനുള്ള കല്‍പ്പനകളാണ് മതവും മത വിശ്വാസവും മതത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം നമ്മോട് മുഴക്കി കൊണ്ടിരിക്കുന്നത്.’

ആ നിലയില്‍ വിശ്വാസത്തെ മുറുകെ പിടിക്കാനും ദൈവത്തിനു വേണ്ടി ദേഹേച്ചകളെ വെടിയാനും നവജാത ശിശുക്കളുടെ വിശുദ്ധി കൈവരിക്കുന്ന ഹജ്ജ് കര്‍മ്മം വഴി ഹജ്ജാജിമാര്‍ ആര്‍ജിച്ചെടുക്കുന്ന വിശുദ്ധിയുടെ മാനസിക തലത്തിലേക്ക് ഉയരാന്‍ നമുക്കെല്ലാം കഴിയേണ്ടതുണ്ട്. എല്ലാ മനുഷ്യരെയും പ്രകൃതിയേയും പ്രകൃതിയിലെ ജീവജാലകങ്ങളെയും ചേര്‍ത്തുപിടിച്ചുകൊണ്ട് വിശ്വമാനവികതയുടെ വിളംബരം മുഴക്കാന്‍ ഈ പെരുന്നാളിന് കഴിയണമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
ആഗോള സമൂഹത്തിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തലിന് ശേഷവും ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ട് അന്യായമായി തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതിനു മുന്‍പില്‍ ലോകം നിസ്സംഗത പുലര്‍ത്തുന്ന സമീപനമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കൂടാതെ, ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളും അതിന്റെ അനീതിയും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി മധ്യപൗരസ്ത്യ, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സംജാതമായിട്ടുള്ള വിഷമങ്ങളും പ്രയാസങ്ങളും മലയാളികളെ അടക്കം വളരെ ദുഃഖകരമായ സാഹചര്യത്തില്‍ സ്വാധീനിച്ചിട്ടുണ്ട്.
ഈയൊരു സവിശേഷ പശ്ചാത്തലത്തിലാണ് ഇത്തവണ പെരുന്നാള്‍ വന്നെത്തിയിരിക്കുന്നത്. അതിനാല്‍, ദുഃഖവും ദുരിതവും അനുഭവിക്കുന്ന ലോകത്തെ എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനകളും അവരോടുള്ള ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചു കൊണ്ടു കൂടിയാകണം നമ്മുടെ പെരുന്നാള്‍ ആഘോഷം എന്നും സംയുക്ത ജമാഅത്ത് നേതാക്കള്‍ തങ്ങളുടെ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.

 

error: Content is protected !!