കാസര്‍കോട്: നിയമസഭ തെരെഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് മൂന്നാം ബദലിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്ററും കോഴിക്കോട് മേഖല പ്രഭാരിയുമായ വി.കെ. സജീവന്‍. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി മന്ദിരത്തില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
30 ലക്ഷം വോട്ടും മൂന്ന് എംഎല്‍എ മാരും കേരളത്തില്‍ ലഭിച്ചത് ജനങ്ങള്‍ ബിജെപിയെ അംഗീകരിക്കുന്നതിനുള്ള തെളിവാണ്. ബിജെപി മുന്നോട്ട് വെക്കുന്ന വികസന രാഷ്ട്രീയത്തിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയങ്ങള്‍. ഭാവിയില്‍ എന്‍ഡിഎ മുന്നണിയും ഇന്‍ഡി മുന്നണിയും തമ്മിലായിരിക്കും തിരഞ്ഞെടുപ്പ് പോരാട്ടം.
കേരളത്തിലും ബിജെപി അധികാരത്തിലെത്തണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുകയാണെന്നും അതിനനുസരിച്ചുള്ള ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നും വി.കെ. സജീവന്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി അധ്യക്ഷയായി. കോഴിക്കോട് മേഖല സംഘടന സെക്രട്ടറി ജി. കാശിനാഥ്, ദേശീയ കൗണ്‍സില്‍ അംഗം എം. സഞ്ജീവ ഷെട്ടി, സംസ്ഥാന സമിതി അംഗങ്ങളായ സവിത ടീച്ചര്‍, എ. വേലായുധന്‍, രാമപ്പ മഞ്ചേശ്വരം, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ആര്‍. സുനില്‍, എന്‍. ബാബുരാജ്, മനുലാല്‍ മേലത്ത് എന്നിവര്‍ സംസാരിച്ചു.
കന്നഡ ഭാഷയോടുള്ള അവഗണന അവസാനിപ്പിക്കണം, പാരിസ്ഥിതിക മലിനീകരണത്തിന് പരിഹാരം കാണണം, ഗവ. മെഡിക്കല്‍ കോളജ് ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കണം, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം എന്നീ ആവശ്യങ്ങള്‍ നേതൃയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
