നീലേശ്വരം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായിനീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിലവില്‍ നടന്നു വരുന്ന മണ്ണ് തിട്ടപ്പെടുത്തിയുള്ള (Embanked) നിര്‍മ്മാണരീതി ഒഴിവാക്കി പകരം സമഗ്രമായ ആകാശപാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ എ എസ് സംസ്ഥാന സര്‍ക്കാരിലേക്ക് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ജില്ലാ കളക്ടര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഇത്.
പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, റവന്യൂദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എന്നിവര്‍ക്കാണ് വിശദമായ ശിപാര്‍ശകള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് കൈമാറിയത്.
നിലവിലെ രൂപരേഖ പ്രകാരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ വന്‍തോതില്‍ മണ്ണ് നിറച്ച് തിട്ടപ്പെടുത്തിയുള്ള നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ നീലേശ്വരം ടൗണ്‍ മണ്‍മതിലുകളാല്‍ രണ്ടായി വിഭജിക്കപ്പെടുകയും ഗുരുതരമായ ഗതാഗതക്കുരുക്കിനും നഗരത്തിന്റെ സ്വാഭാവിക വികസനത്തിന് തിരിച്ചടിയാകുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിനെതിരെ പ്രദേശത്ത് ശക്തമായ ജനകീയ പ്രതിഷേധങ്ങളും സമരങ്ങളും നിലനില്‍ക്കുന്നുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.
നീലേശ്വരം പോലീസ് സ്റ്റേഷന്‍ മുതല്‍ കോട്ടപ്പുറം റോഡ് വരെl നിലവില്‍ പദ്ധതിയിട്ടിരിക്കുന്ന മണ്ണ് നിറച്ച നിര്‍മ്മാണം പൂര്‍ണ്ണമായും ഒഴിവാക്കി, തൂണുകളില്‍ അധിഷ്ഠിതമായ ഫ്‌ളൈഓവര്‍ നിര്‍മ്മിക്കാന്‍ ദേശീയപാത അതോറിറ്റിക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശ.
നിലവിലുള്ള സര്‍വീസ് റോഡുകളില്‍ സ്ഥലപരിമിതി കാരണം വാഹനങ്ങള്‍ തിരിയുന്നതിനും ഗതാഗത നിയന്ത്രണത്തിനും ബുദ്ധിമുട്ടുകള്‍ നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഫ്‌ളൈഓവര്‍ നിര്‍മ്മാണം നടപ്പിലാക്കുകയാണെങ്കില്‍ സര്‍വീസ് റോഡുകള്‍ക്ക് കൂടുതല്‍ വീതി ലഭ്യമാകുകയും, പാലത്തിന് താഴെയുള്ള വിശാലമായ സ്ഥലം നഗരത്തിലെ പ്രധാന പ്രശ്‌നങ്ങളിലൊന്നായ വാഹന പാര്‍ക്കിംഗിനായി ഉപയോഗിക്കാനാകുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കോട്ടപ്പുറം–തൈക്കടപ്പുറം റോഡിലേക്കുള്ള പ്രവേശനം സുരക്ഷിതമായി നിലനിര്‍ത്താനും പ്രദേശത്തെ ടൂറിസം, മത്സ്യബന്ധന മേഖലകള്‍ക്ക് തിരിച്ചടി ഒഴിവാക്കാനും ഈ മാതൃക സഹായകരമാകുമെന്ന് ജില്ലാ കളക്ടര്‍ നിയോഗിച്ച വിദഗ്ധസമിതി വിലയിരുത്തി.
അതേസമയം, നീലേശ്വരം പുഴയ്ക്ക് കുറുകെ 1958ല്‍ നിര്‍മ്മിച്ച നിലവിലെ ദേശീയപാത പാലം അപകടാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ പദ്ധതിപ്രകാരം പഴയ പാലം നിലനിര്‍ത്തി പുതിയ മൂന്ന് വരി പാലം മാത്രം നിര്‍മ്മിച്ചാല്‍ ആകെ അഞ്ച് വരി ഗതാഗതം മാത്രമേ സാധ്യമാകൂ. ഇത് ഭാവിയില്‍ ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്നതിനാല്‍ പഴയ പാലം പൊളിച്ചുനീക്കി അതിന്റെ സ്ഥാനത്ത് പുതിയ മൂന്ന് വരി പാലം കൂടി നിര്‍മ്മിച്ച് ആകെ ആറ് വരി ഗതാഗത സൗകര്യം ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഭൂമിശാസ്ത്രപരവും പരിസ്ഥിതിസംബന്ധമായും ശാസ്ത്രീയ പഠനം നടത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് വിദഗ്ദ സമിതി അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന കാലവര്‍ഷം മുന്നില്‍ക്കണ്ട് പൊതുജനങ്ങളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്നും ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ടില്‍ അഭ്യര്‍ത്ഥിച്ചു. ആകാശപാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ജനകീയ കര്‍മ്മസമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി സമരസമിതി കലക്ടര്‍ക്ക് നല്‍കിയ നിവേദന അടിസ്ഥാനത്തില്‍ കലക്ടര്‍ സംഭവസ്ഥലം നേരിട്ട് സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
