ചിറ്റാരിക്കാല്‍: ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി ചിറ്റാരിക്കാല്‍ പോലീസ്. ശനിയാഴ്ച അര്‍ദ്ധരാത്രിയിലാണ് ചിറ്റാരിക്കല്‍ കിഴക്കന്കാവ് ക്ഷേത്രത്തിനകത്ത് കയറി ഭണ്ഡാരം എടുത്തുകൊണ്ടുപോയി കുത്തി പൊളിച്ച് പണം കവര്‍ന്ന ശേഷം പ്രതി ഭണ്ഡാരം ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ച് രക്ഷപ്പെട്ടത് . നിരവധി മോഷണ കേസില്‍ പ്രതിയായ ചിറ്റാരിക്കാല്‍ തകിടിയേല്‍ ഹൗസില്‍ ബി.ടി. രാജേഷ് (49) നെയാണ് ചിറ്റാരിക്കാല്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ.വി ഉമേഷിന്റെ നേതൃത്വത്തില്‍ എസ് ഐ ശ്യാമകുമാര്‍, എ എസ് ഐമാരായ മധു, സുനില്‍ അബ്രഹാം, എം. ടി.പി.നൗഷാദ്, ബ്രിജേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. ശ്രീകാന്ത്, മുഹമ്മദ് നിയാസ്, ഷിന്റോ എന്നിവര്‍ ചേര്‍ന്ന് ഇന്നലെ രാവിലെ ചെറുപുഴയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. പോലീസിനെ കണ്ട് ഓടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് ബലം പ്രയോഗിച്ചു
കീഴ്പ്പെടുത്തുകയായിരുന്നു. മോഷ്ടിച്ച കാണിക്ക പണം പ്രതിയുടെ ബാഗില്‍ നിന്നും പോലീസ് കണ്ടെത്തി. ക്ഷേത്ര പരിസരത്ത് നിന്നും കിട്ടിയ ചില സൂചനങ്ങളാണ് പ്രതി രാജേഷ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. പ്രതി മോഷ്ടിച്ച പണവുമായി ഇരിട്ടിയിലേക്ക് പോകാന്‍ ശ്രമിക്കവേയാണ് പോലീസ് പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.
